ട്വന്റി20 ലോകകപ്പിൽ മൂന്നാം കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; കലാശപ്പോരിൽ കിവീസിനെ 96 റൺസിന് തോൽപ്പിച്ചു

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 256 റൺസ് വിജയലക്ഷ്യം കിവീസിന് മുന്നിൽ ഇന്ത്യ വയ്ക്കുകയും 96 റൺസിന് ന്യൂസിലൻഡിനെ തോൽപ്പിക്കുകയുമായിരുന്നു. ഇന്ത്യയ്ക്കിത് മൂന്നാം കിരീട നേട്ടമാണ്. ഇതോടെ ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരാകുന്ന ടീമെന്ന റെക്കോർഡും ഇന്ത്യക്ക് സ്വന്തമായി. 2024-ലെ ട്വന്റി20 ലോകകപ്പും 2025-ലെ ചാമ്പ്യൻസ് ട്രോഫിയും നേടിയതിന് പിന്നാലെയുള്ള ഈ കിരീടനേട്ടം ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ ഹാട്രിക് വിജയമാണ്. സഞ്ജു സാംസന്റെ തകർപ്പൻ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. 46 പന്തിൽ സഞ്ജു 89 റൺസ് നേടി. ഇഷാൻ കിഷൻ, അഭിഷേക് ശർമ എന്നിവരുടെ അർധ സെഞ്ച്വറി പിന്നിട്ട പ്രകടനങ്ങളും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

ബാറ്റിങ്ങിൽ സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 46 പന്തിൽ 89 റൺസെടുത്ത സഞ്ജു തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യയുടെ ടോപ് സ്കോററായി മാറി. ഒപ്പം ഇഷാൻ കിഷനും അഭിഷേക് ശർമയും അർധസെഞ്ചറികളുമായി തിളങ്ങിയതോടെ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന റെക്കോർഡ് സ്കോർ ഇന്ത്യ പടുത്തുയർത്തി. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസെടുത്ത ഇന്ത്യ ടൂർണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ഫൈനലിൽ കാഴ്ചവെച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അക്ഷർ പട്ടേലും ജസ്പ്രീത് ബുമ്രയും ചേർന്ന് പവർപ്ലേയിൽ തന്നെ കിവീസ് നിരയെ പ്രതിരോധത്തിലാക്കി. ടിം സെയ്ഫർട്ടും മിച്ചൽ സാന്റ്നറും നടത്തിയ ചെറുത്തുനിൽപ്പുകൾക്ക് ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ സാധിച്ചില്ല. ഒടുവിൽ 19 ഓവറിൽ 159 റൺസിന് ന്യൂസീലൻഡ് ഇന്നിങ്സ് അവസാനിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version