മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ വിദേശത്ത് കുടുങ്ങിപ്പോയെന്നു പറഞ്ഞ് ഇൻഫ്ലുവൻസർ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ‘നോൺസ്റ്റോപ്പ് ഡാൻ’ എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസർ ഡാനിയൽ ഗോസ് ആണ് സിംഗപ്പൂരിൽ നിന്ന് യൂറോപ്പിലേക്ക് മടങ്ങാൻ വിമാനങ്ങളില്ലാത്തതിനാൽ താൻ ഏഷ്യയിൽ കുടുങ്ങിയിരിക്കുകയാണെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ പരാതിപ്പെട്ടത്. എന്നാൽ ഇദ്ദേഹം പറയുന്നതുപോലെ വിമാനങ്ങൾ ലഭ്യമല്ലാത്തതല്ല, മറിച്ച് ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യാൻ തയ്യാറാകാത്തതാണ് യഥാർത്ഥ പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. ‘വിമാനങ്ങളൊന്നും ബാക്കിയില്ല’ എന്ന തലക്കെട്ടിൽ പങ്കുവച്ച വീഡിയോയിൽ താൻ ഏഷ്യയിൽ കുടുങ്ങിയിരിക്കുകയാണെന്ന് ഗോസ് അവകാശപ്പെടുന്നുണ്ടെങ്കിലും വീഡിയോയിൽ കാണിക്കുന്ന ഗ്രാഫിക്കിൽ ഇക്കോണമി ക്ലാസിൽ ചില സീറ്റുകൾ ഒഴിവുണ്ടെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. ഇതാണ് സാമൂഹ്യമാധ്യമ ഉപയോക്താക്കളെ ചൊടിപ്പിച്ചത്. ലക്ഷ്വറി ക്ലാസുകളിൽ സീറ്റുകൾ ലഭ്യമല്ലാത്തതിനാലാണ് യാത്ര മുടക്കിയതെന്നും ഇക്കോണമിയിൽ യാത്ര ചെയ്യാൻ താൽപര്യമില്ലാത്തതിനെ ‘കുടുങ്ങിപ്പോയി’ എന്ന രീതിയിൽ അവതരിപ്പിക്കുകയാണെന്നുമാണ് ഉയരുന്ന വിമർശനം.
വിമർശനം ശക്തമായതോടെ വീഡിയോയുടെ തലക്കെട്ട് പിന്നീട് ‘ദശലക്ഷക്കണക്കിന് സഞ്ചാരികൾ കുടുങ്ങാൻ പോകുന്നു’ എന്നാക്കി മാറ്റി. തുടർന്ന് വിശദീകരണവുമായി ഡാനിയൽ ഗോസ് രംഗത്തെത്തി. താൻ വീഡിയോയിൽ കാണിച്ച നിരക്ക് ഇക്കോണമി ക്ലാസിന്റേതാണെന്നും അത് കൂടുതൽ വ്യക്തമാക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം കമന്റ് ബോക്സിൽ പറഞ്ഞു. എന്നാൽ ഇക്കോണമി ക്ലാസ് ടിക്കറ്റുകൾക്കുപോലും 1500 ഡോളറിലധികം (ഏകദേശം 1.25 ലക്ഷം രൂപ) ഈടാക്കുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു. യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കങ്ങൾക്ക് പിന്നാലെ മധ്യപൂർവേഷ്യയിലെ വ്യോമപാതകൾ പലതും അടച്ചതോടെ പതിനായിരക്കണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. നിരവധി യാത്രക്കാർ യഥാർത്ഥത്തിൽ തന്നെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ സാഹചര്യത്തിലാണ് ഒരു ഇൻഫ്ലുവൻസറുടെ ഇത്തരം പരാതി വലിയ ചർച്ചയാകുന്നത്. സംഘർഷകാലത്ത് സഞ്ചാരികൾ പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ഇത്തരത്തിലുള്ള പ്രചാരണങ്ങൾ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധംറമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwtFebruary 20, 2026
