3200 കവചിത വാഹനങ്ങൾ രംഗത്ത്! 4100 വാഹനങ്ങളിൽ ആയുധ ദ്രുതകർമ സേന വിന്യാസം — സുരക്ഷ ശക്തമാക്കി നിർണായക നീക്കവുമായി യുഎഇ

യുദ്ധം നീണ്ടാലും രാജ്യത്തെ സംരക്ഷിക്കാനുള്ള ശേഷിയും കരുത്തും യുഎഇയ്ക്കുണ്ടെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ അബ്ദുൽ നാസർ മുഹമ്മദ് അൽ ഹുമെയ്ദി അറിയിച്ചു. ഇറാൻ വ്യോമാക്രമണം ഉണ്ടായിട്ടും ആഭ്യന്തര സുരക്ഷയിൽ വിള്ളൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ 25 വകുപ്പുകളുടെ ഏകോപനത്തിലാണ് സുരക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 3200 കവചിത വാഹനങ്ങൾ രംഗത്തിറക്കിയതോടൊപ്പം ഗതാഗത-സുരക്ഷാ പരിശോധനാ സംഘത്തെയും ആയുധ ദ്രുതകർമ സേനയെയും 4100 വാഹനങ്ങളിൽ വിന്യസിച്ചതായും അറിയിച്ചു. ഊർജം, കുടിവെള്ളം, വാർത്താവിനിമയ സംവിധാനം, ഗതാഗതം, ആരോഗ്യരംഗം, ഭക്ഷ്യവിതരണം എന്നിവ സാധാരണ നിലയിലാണെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. യുദ്ധത്തിൽ യുഎഇക്ക് പങ്കില്ലെന്നും രാജ്യത്തിന്റെ നിലപാടുകൾ ഇറാൻ അവഗണിച്ചുവെന്നും രാജ്യാന്തര സഹകരണ കാര്യ മന്ത്രി റീം അൽ ഹാഷിമി പറഞ്ഞു. ഇറാന്റെ ആണവ പദ്ധതി മാത്രമല്ല, മിസൈൽ പദ്ധതികളും മേഖലയ്ക്ക് ഭീഷണിയാണെന്നും സംഘർഷം വർധിക്കാതിരിക്കാൻ നയതന്ത്ര ചർച്ചയാണ് ഏക മാർഗമെന്നും അവർ പറഞ്ഞു.

വിപണി സ്ഥിരത ഉറപ്പാക്കും

സാമ്പത്തിക-വിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിവിപണിയിലെ സാഹചര്യം ഗൗരവത്തോടെ നിരീക്ഷിക്കുന്നതായി അറിയിച്ചു. വിപണി സ്ഥിരതയും പ്രവർത്തനക്ഷമതയും നിലനിർത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിലവർധന തടയാൻ 600 വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിലവർധന, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കും. അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടരുതെന്നും ആവശ്യത്തിന് മാത്രം വാങ്ങണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

കുടുങ്ങിയ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു

രാജ്യത്ത് കുടുങ്ങിയ 17,890 പേരെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചതായും 80ൽ അധികം വിമാന സർവീസുകൾ കൂടി പുറപ്പെടാൻ തയ്യാറായിട്ടുണ്ടെന്നും അറിയിച്ചു. കൂടാതെ 27,000 പേരെ കൂടി നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. വിമാനസർവീസ് ലഭിക്കാതെ കുടുങ്ങിയ സന്ദർശകരുടെയും ട്രാൻസിറ്റ് യാത്രക്കാരുടെയും ചെലവ് യുഎഇ വഹിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായി വിമാനത്താവളങ്ങളിലേക്ക് പോകരുതെന്നും ടിക്കറ്റ് ബുക്ക് ചെയ്തവർ എയർലൈനുകളുടെ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version