
റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം നടന്നതായും ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. റിയാദിലെ എംബസി പരിസരത്ത് ഉണ്ടായ രണ്ട് വലിയ സ്ഫോടനങ്ങളെത്തുടർന്ന് പുകപടലങ്ങൾ ഉയർന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി നിലവിൽ വിവരമില്ലെങ്കിലും എംബസിക്ക് തീപിടിച്ചതായാണ് സൂചന. ഇറാന്റെ ഈ നടപടിക്ക് വലിയ വില നൽകേണ്ടി വരുമെന്നും ലോകം അത് കാണാനിരിക്കുന്നതേയുള്ളൂ എന്നും ട്രംപ് പ്രതികരിച്ചു.
റിയാദിന് പുറമെ കുവൈത്തിലെ യുഎസ് എംബസിക്ക് നേരെയും പുലർച്ചെ ആക്രമണമുണ്ടായി. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആറ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുദ്ധം ഇനിയും ആഴ്ചകളോളം തുടരുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം കടുപ്പിച്ചത്. ഈ പശ്ചാത്തലത്തിൽ സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത് തുടങ്ങി 14 രാജ്യങ്ങളിലുള്ള അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം ലഭ്യമായ വിമാനങ്ങളിൽ മടങ്ങാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അടിയന്തര നിർദേശം നൽകി.
കഴിഞ്ഞ ദിവസം രാത്രി അബുദബിയിലും ബഹ്റൈനിലും ഖത്തറിലും കനത്ത മിസൈൽ ആക്രമണങ്ങൾ നടന്നിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിച്ചതായി ഖത്തർ അറിയിച്ചെങ്കിലും, സമാധാനാന്തരീക്ഷം തകർക്കുന്ന ഇറാന്റെ നടപടിക്കെതിരെ ഖത്തർ ഐക്യരാഷ്ട്രസഭയെ സമീപിച്ചിട്ടുണ്ട്. സൈനിക കേന്ദ്രങ്ങൾക്ക് പുറമെ സിവിലിയൻ മേഖലകളെ ലക്ഷ്യം വയ്ക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വരും ദിവസങ്ങളിൽ മേഖലയിൽ കൂടുതൽ സൈനിക നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചനകൾ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt