സാങ്കേതിക തകരാറിനെ തുടർന്ന് യുഎഇയിലെ പ്രമുഖ ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ താത്കാലികമായി തടസ്സപ്പെട്ടു. പ്രധാനമായും എഡിസിബി (ADCB), ഫസ്റ്റ് അബുദാബി ബാങ്ക് (FAB) എന്നീ ബാങ്കുകളുടെ മൊബൈൽ ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങളെയാണ് ബാധിച്ചത്.
മേഖലയിലാകെ ഉണ്ടായ ഐടി തകരാറാണ് സേവനങ്ങളെ ബാധിച്ചതെന്ന് ADCB സ്ഥിരീകരിച്ചു. എന്നാൽ പ്രശ്നത്തിന്റെ കൃത്യമായ കാരണം വ്യക്തമാക്കിയിട്ടില്ല. ADCBയുടെ മൊബൈൽ ആപ്പും കോൺടാക്റ്റ് സെന്ററും താത്കാലികമായി പ്രവർത്തിക്കുന്നില്ല. ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ്, ശാഖകൾ, യു-ബാങ്ക് എടിഎമ്മുകൾ, വാട്സ്ആപ്പ് ബാങ്കിംഗ് എന്നിവ വഴി സേവനങ്ങൾ ലഭ്യമാണെന്ന് ബാങ്ക് അറിയിച്ചു. ആഭ്യന്തര-അന്താരാഷ്ട്ര പണമിടപാടുകൾ ഇന്റർനെറ്റ് ബാങ്കിംഗ് വഴി സാധ്യമാണെന്നും വ്യക്തമാക്കി.
യുഎഇയിലെ ഏറ്റവും വലിയ ബാങ്കായ FABയുടെ ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗ് സേവനങ്ങളിലും സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനൊപ്പം അൽ ഫർദാൻ എക്സ്ചേഞ്ച്ലും കാർഡ് ഇഷ്യൂവൻസ്, റീലോഡ്, ബാലൻസ് പരിശോധന തുടങ്ങിയ ‘Travelez’ സേവനങ്ങൾ തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രി യുഎഇയിലെ ആമസോൺ വെബ് സർവീസസ് (AWS) ഡാറ്റാ സെന്ററിന് നേരെയുണ്ടായ ആക്രമണവും തുടർന്നുണ്ടായ തീപിടിത്തവുമാണ് ഈ സാങ്കേതിക തകരാറുകൾക്ക് പിന്നിലെന്നാണ് സൂചന. ചില വസ്തുക്കൾ ഡാറ്റാ സെന്ററിൽ പതിച്ചതിനെ തുടർന്ന് നെറ്റ്വർക്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടതായി AWS അറിയിച്ചു. സേവനങ്ങൾ പൂർണമായും പുനഃസ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തനം തുടരുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt