
ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ യുഎഇയിലെ മലയാളി പ്രവാസികൾ അതീവ ആശങ്കയിൽ. മിസൈലുകൾ ആകാശത്തുവെച്ച് തകർക്കുന്നതിന്റെ ഘോരശബ്ദവും തുടർച്ചയായ സുരക്ഷാ മുന്നറിയിപ്പുകളും പ്രവാസികളുടെ ഉറക്കം കെടുത്തുകയാണ്. സന്ദർശക വിസയിൽ ദുബായിലെത്തിയ കണ്ണൂർ ഏഴോം അടുത്തില സ്വദേശി മഹമൂദ് വാടിക്കൽ ഉൾപ്പെടെയുള്ളവർ ശനിയാഴ്ച രാത്രി അനുഭവിച്ച കടുത്ത മാനസിക സംഘർഷം പശ്ചിമേഷ്യയിലെ നിലവിലെ ഗുരുതര സാഹചര്യം വ്യക്തമാക്കുന്നതാണ്.
മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങൾക്കിടെയാണ് ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതും വ്യോമപാതകൾ അടച്ച വാർത്തയെത്തിയതും. ഇതോടെ കണ്ണൂരിലേക്കുള്ള മഹമൂദിന്റെ യാത്ര മുടങ്ങി. മിസൈലുകൾ വരുന്നുവെന്ന അറിയിപ്പുകൾ എത്തുമ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും ആകാശത്ത് മിസൈലുകൾ നിർവീര്യമാക്കുമ്പോഴുള്ള വലിയ ശബ്ദം വലിയ പരിഭ്രാന്തി ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഭരണകൂടം കർശന നിർദ്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന ഭീതിയാണ് എല്ലാവരിലുമുള്ളത്.
വിമാനത്താവളങ്ങൾ ലക്ഷ്യമാക്കിയുള്ള നീക്കങ്ങളും വിമാന സർവീസുകൾ മുടങ്ങിയതും പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ അവശ്യസാധനങ്ങളുടെ ലഭ്യത കുറയുമെന്ന ആശങ്കയെത്തുടർന്ന് സൂപ്പർ മാർക്കറ്റുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആമസോൺ അടക്കമുള്ള ഓൺലൈൻ ഡെലിവറി സേവനങ്ങൾ നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഭരണകൂടം സുരക്ഷ ഉറപ്പുനൽകുന്നുണ്ടെങ്കിലും യുദ്ധസാഹചര്യം എത്രകാലം നീളുമെന്ന ആശങ്കയിലാണ് പ്രവാസി മലയാളി സമൂഹം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt