‘യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു’ – പ്രചരണം വ്യാജം; ഔദ്യോഗിക മുന്നറിയിപ്പുമായി എംബസി

ഗൾഫ് മേഖലയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ യുഎഇയിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ രജിസ്ട്രേഷൻ ആരംഭിച്ചുവെന്നതും നയതന്ത്ര ഉദ്യോഗസ്ഥരുമായി പ്രത്യേക വിമാനം പുറപ്പെട്ടുവെന്നതും ഉൾപ്പെടെയുള്ള വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങൾക്കെതിരെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി. ഇത്തരത്തിലുള്ള വ്യാജവാർത്തകൾ വിശ്വസിക്കാതിരിക്കാനും പങ്കുവെക്കാതിരിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുഎഇയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കുകയും പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശം നൽകി.

ആധികാരികവും പുതുക്കിയതുമായ വിവരങ്ങൾക്കായി ബന്ധപ്പെട്ട ഇന്ത്യൻ ദൗത്യകേന്ദ്രങ്ങളുടെ ഔദ്യോഗിക എക്സ് (X) ഹാൻഡിലുകൾ മാത്രം പിന്തുടരണമെന്ന് മന്ത്രാലയം അറിയിച്ചു. അബുദാബിയിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ @IndembAbuDhabi ആണ്. ദുബായ് കോൺസുലേറ്റിന്റെ ഹാൻഡിൽ @cgidubai എന്നതാണ്. സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുടെ എക്സ് ഹാൻഡിൽ @IndianEmbRiyadh ആണ്. ഇറാനിലെ ഇന്ത്യൻ എംബസിയുടെ ഹാൻഡിൽ @India_in_Iran എന്നും ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ഹാൻഡിൽ @IndEmbDoha എന്നും ബഹറിനിലെ ഇന്ത്യൻ എംബസിയുടെ ഹാൻഡിൽ @IndiaInBahrain എന്നും ആണ്. വ്യാജവാർത്തകൾ ഒഴിവാക്കി ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version