
വർഷങ്ങളായി ടെക് ലോകം കാത്തിരിക്കുന്ന ആപ്പിളിന്റെ ‘ഫോൾഡബിൾ’ വിപ്ലവം ഒടുവിൽ യാഥാർത്ഥ്യമാകാൻ പോകുന്നു. പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ മോഡലുകൾക്കൊപ്പം തന്നെ ആപ്പിളിന്റെ ആദ്യത്തെ മടക്കാവുന്ന ഫോണായ ‘ഐഫോൺ ഫോൾഡും’ വിപണിയിലെത്തിയേക്കും. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലെ വിവരങ്ങൾ പ്രകാരം ഐഫോൺ ഫോൾഡിന്റെ ഡിസ്‌പ്ലേ നിർമ്മാണം ഈ ജൂലൈയിൽ ആരംഭിക്കും. സാധാരണയായി ഐഫോൺ പ്രോ സീരീസുകളുടെ ഉൽപ്പാദന സമയക്രമം തന്നെയാണിത് എന്നതിനാലാണ് സെപ്റ്റംബറിൽ തന്നെ ഇവ രണ്ടും ഒരുമിച്ച് പുറത്തിറങ്ങുമെന്ന് വിദഗ്ധർ വിലയിരുത്തുന്നത്.
ഫോൾഡബിൾ സ്ക്രീനുകൾക്കായി ഇത്തവണ സാംസങ്ങിനെയാണ് ആപ്പിൾ പൂർണ്ണമായും ആശ്രയിക്കുന്നത്. ഫോൾഡബിൾ ഫോണുകളുടെ ഏറ്റവും വലിയ വെല്ലുവിളിയായ സ്ക്രീനിലെ മടക്കുകൾ (Crease) ഒഴിവാക്കാനും കൂടുതൽ ദൃഢത ഉറപ്പാക്കാനുമുള്ള പരീക്ഷണങ്ങൾ ആപ്പിൾ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. ഐഫോൺ 18 സീരീസിന്റെ ലോഞ്ച് പല ഘട്ടങ്ങളിലായി നടക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും, പുതിയ റിപ്പോർട്ടുകൾ ഐഫോൺ പ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്. ആപ്പിൾ ഔദ്യോഗികമായി ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിതരണ ശൃംഖലയിൽ നിന്നുള്ള വിവരങ്ങൾ പുതിയ മാറ്റങ്ങളിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt