
കുവൈറ്റിൽ ആർട്ടിക്കിൾ 18 (ജോലി വിസ) പ്രകാരം താമസിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ വിസ ആർട്ടിക്കിൾ 22-ലേക്ക് (ഫാമിലി/ഡിപെൻഡന്റ് വിസ) മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ രേഖകളും നടപടികളും പാലിച്ചാൽ ഈ മാറ്റം എളുപ്പത്തിൽ സാധ്യമാകും.
ആദ്യം ഒരു അംഗീകൃത ടൈപ്പിംഗ് സെന്റർ വഴി അപേക്ഷാ ഫോമുകൾ തയ്യാറാക്കണം. തുടർന്ന് നിങ്ങളുടെ താമസ പരിധിയിലുള്ള ജവാസാത്തിൽ (ഇമിഗ്രേഷൻ വിഭാഗം) രേഖകൾ സമർപ്പിക്കണം. അപേക്ഷകയുടെ പാസ്‌പോർട്ട്, സിവിൽ ഐഡി കോപ്പികൾ, അറ്റസ്റ്റ് ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് എന്നിവ അത്യാവശ്യമാണ്. സ്പോൺസർ ചെയ്യുന്ന ഭർത്താവിന്റെ സിവിൽ ഐഡി, ശമ്പള സർട്ടിഫിക്കറ്റ്, വർക്ക് പെർമിറ്റ് എന്നിവയും സമർപ്പിക്കണം.
ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് വിസ മാറ്റുന്നതിനായുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) വാങ്ങണം. വിസ മാറ്റുന്ന നടപടികൾക്കായി നിലവിലെ കമ്പനിയുടെ പ്രതിനിധി (മന്ദൂബ്) കൂടെയുണ്ടാകുന്നത് നിർബന്ധമാണ്. കമ്പനിയിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റും പാസി (PACI) വഴിയുള്ള രേഖകളും ഇതിനായി ആവശ്യമാണ്.
ഇമിഗ്രേഷൻ ഓഫീസിൽ രേഖകൾ പരിശോധിച്ച ശേഷം ഉദ്യോഗസ്ഥരുടെ അംഗീകാരം വാങ്ങണം. തുടർന്ന് ഇൻഷുറൻസ് തുക അടയ്ക്കുകയും നിലവിൽ എന്തെങ്കിലും പിഴകൾ ഉണ്ടെങ്കിൽ അവ തീർപ്പാക്കുകയും വേണം. ഈ ഘട്ടങ്ങളെല്ലാം പൂർത്തിയായ ശേഷം 20 കുവൈറ്റ് ദിനാർ ഫീസ് അടച്ച് വിസ മാറ്റം പൂർത്തിയാക്കാം.
വിസ മാറ്റം നടന്നുകഴിഞ്ഞാൽ ഉടൻ തന്നെ പാസി (PACI) വെബ്സൈറ്റ് വഴി പുതിയ സിവിൽ ഐഡിക്കായി അപേക്ഷിക്കണം. ഫീസ് അടച്ച് കഴിഞ്ഞാൽ ഡിജിറ്റൽ സിവിൽ ഐഡി (Mobile ID) അരമണിക്കൂറിനുള്ളിൽ അപ്‌ഡേറ്റ് ചെയ്യപ്പെടും. കൃത്യമായ രേഖകൾ കൈവശമുണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തന്നെ വിസ മാറ്റം പൂർത്തിയാക്കാൻ സാധിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL