
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസി വനിതകൾക്ക് തങ്ങളുടെ ഭർത്താവിനെ ഫാമിലി വിസയിലേക്ക് മാറ്റാൻ സാധിക്കുമോ എന്ന കാര്യത്തിൽ നിലവിലുള്ള നിയമപരമായ തടസ്സങ്ങൾ വ്യക്തമാക്കി അധികൃതർ. സന്ദർശക വിസയിൽ കുവൈറ്റിലെത്തിയ ഭർത്താവിനെ ആർട്ടിക്കിൾ 22 വിസയിലേക്ക് മാറ്റാൻ നിലവിലെ നിയമപ്രകാരം അനുവാദമില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രതിമാസം 800 ദിനാറിന് മുകളിൽ ശമ്പളമുള്ളവരും ആർട്ടിക്കിൾ 18 വിസയിൽ ജോലി ചെയ്യുന്നവരുമായ പ്രവാസി വനിതകൾക്ക് പോലും ഇത്തരത്തിൽ ഭർത്താവിനെ സ്പോൺസർ ചെയ്യാൻ കഴിയില്ല. കുവൈറ്റ് നിയമമനുസരിച്ച് കുടുംബനാഥനായ ഭർത്താവാണ് സാധാരണയായി മറ്റ് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യേണ്ടത്. പ്രവാസി വനിതകൾക്ക് ഭർത്താവിനെ സ്പോൺസർ ചെയ്യാൻ പൊതുവെ അനുമതിയില്ലെങ്കിലും, ഭർത്താവിന്റെ മരണം അല്ലെങ്കിൽ വിവാഹമോചനം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി മക്കളെ സ്പോൺസർ ചെയ്യാൻ സാധിക്കാറുണ്ട്.
അതേസമയം, കുടുംബം പുലർത്തുന്ന ഭർത്താവിന് പെട്ടെന്നുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യം വരികയും, ഭാര്യ മാത്രം കുടുംബത്തിലെ ഏക വരുമാന സ്രോതസ്സാവുകയും ചെയ്താൽ മാനുഷിക പരിഗണന മുൻനിർത്തി പ്രത്യേക അനുമതി തേടാവുന്നതാണ്. റെസിഡൻസി അധികൃതരുടെ പ്രത്യേക അനുമതിയോടെ ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളുടെ പഠനം പൂർത്തിയാകുന്നത് വരെ ഭർത്താവിനെ സ്പോൺസർ ചെയ്യാൻ ചിലപ്പോൾ അനുവാദം ലഭിച്ചേക്കാം.
ഭാര്യയുടെ വിസയിലേക്ക് മാറാൻ സാധിക്കാത്തവർക്ക് മുന്നിലുള്ള പ്രധാന പോംവഴി സ്വന്തം നിലയിൽ ജോലി കണ്ടെത്തി ആർട്ടിക്കിൾ 18 വിസയിലേക്ക് മാറുക എന്നതാണ്. സന്ദർശക വിസയിൽ എത്തുന്നവർക്ക് നിശ്ചിത കാലയളവിൽ അവിടെ തുടരാമെങ്കിലും അത് താമസ വിസയാക്കി മാറ്റാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾക്കും വ്യക്തതയ്ക്കുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ പരിശോധിക്കേണ്ടതാണ്.