സ്പോൺസർ മരിച്ചു, ശമ്പളമില്ലാത്ത 5 മാസം: അറിയാതെ വീണ ‘ഹുറൂബ്’ കുരുക്ക്; 10 വർഷത്തെ കണ്ണീർക്കടൽ കടന്ന് മലയാളി യുവതി നാടണഞ്ഞു

പത്തുവർഷത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമസങ്കീർണ്ണതകൾക്കും വിരാമമിട്ട് ആലപ്പുഴ കായംകുളം സ്വദേശിനി ജമീല ബീഗം നാട്ടിലേക്കു മടങ്ങി. കേളി കലാസാംസ്കാരിക വേദിയുടെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലാണ് മടക്കയാത്ര സാധ്യമാക്കിയത്. 2016-ൽ അസുഖബാധിതനായ ഭർത്താവിന്റെ ചികിത്സക്കും മകളുടെ പഠനച്ചെലവുകൾക്കുമായി ജമീല റിയാദിലെ അൽഖർജിൽ ഗാർഹിക തൊഴിലാളിയായി എത്തുകയായിരുന്നു. തുടക്കത്തിൽ കരാർപ്രകാരം ജോലി ലഭിച്ചെങ്കിലും ആറുമാസത്തിന് ശേഷം ശമ്പളം കൃത്യമായി ലഭിക്കാതായി. തുടർന്ന് മറ്റൊരിടത്തേക്ക് ജോലി മാറിയെങ്കിലും അഞ്ചുമാസത്തെ ശമ്പള കുടിശ്ശിക തുടരുകയായിരുന്നു. ഇതിനിടെയും ഇക്കാമ ആദ്യ സ്പോൺസറുടെ പേരിലായിരുന്നു. പുതിയ ജോലിസ്ഥലത്ത് ശമ്പളം കൃത്യമായി ലഭിച്ചതോടെ ഡയാലിസിസ് രോഗിയായ ഭർത്താവിന്റെ ചികിത്സയും മകളുടെ പഠനവും മൂന്നുവർഷത്തോളം തടസമില്ലാതെ മുന്നോട്ടുപോയി. എന്നാൽ ഭർത്താവിന്റെ ആകസ്മിക മരണം ജമീലയുടെ ജീവിതത്തെ വീണ്ടും പ്രതിസന്ധിയിലാക്കി.

നാട്ടിലേക്ക് മടങ്ങാൻ സ്പോൺസറെ സമീപിച്ചപ്പോഴാണ് അദ്ദേഹം ഇതിനകം മരിച്ചെന്ന വിവരം അറിയുന്നത്. സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ഇന്ത്യൻ എംബസിയെ സമീപിച്ച് തർഹീലിൽ രേഖകൾ പരിശോധിച്ചപ്പോൾ, സ്പോൺസർ മരണപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപേ എക്സിറ്റ് വീസ എടുത്തിരുന്നുവെന്നും അതിന്റെ കാലാവധി കഴിഞ്ഞതായും ജമീല ‘ഹുറൂബ്’ നിലയിലായതായും കണ്ടെത്തി. നിയമനടപടികൾ ആരംഭിച്ചെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചില്ല. ഇതിനിടെ നാട്ടിൽ മാതാവിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന മകളുടെ വിവാഹം നിശ്ചയിക്കപ്പെട്ടതോടെ ജമീലയുടെ മടക്കയാത്ര താൽക്കാലികമായി മാറ്റിവെക്കേണ്ടി വന്നു. തുടർന്ന് വിവാഹം പൂർത്തിയായി.
കഴിഞ്ഞ വർഷം ജമീലയുടെ മാതാവും മരണപ്പെട്ടതോടെ നാട്ടിലേക്കുള്ള ശ്രമങ്ങൾ വീണ്ടും സജീവമായി. തുടർന്ന് കേളി ജീവകാരുണ്യ കമ്മിറ്റിയെ സമീപിക്കുകയും, വിഷയത്തിൽ ഇടപെടാൻ കമ്മിറ്റിയംഗം നാസർ പൊന്നാനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. നാസർ പൊന്നാനി മുഖേന വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേളിയുടെയും ഇന്ത്യൻ എംബസിയുടെയും നിരന്തര ഇടപെടലിന്റെ ഫലമായി വലിയ പിഴത്തുക ഒഴിവാക്കി എക്സിറ്റ് വീസ അനുവദിച്ചു. ഇതോടെ പത്തുവർഷത്തെ ദുരിതജീവിതത്തിന് വിരാമമിട്ട് ജമീല ബീഗം കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version