പുതിയ ഐഫോൺ കൊണ്ടുവരാമോ? സ്വർണം എത്ര വരെ അനുവദിക്കും? കസ്റ്റംസ് തടസ്സം ഒഴിവാക്കാൻ പ്രവാസികൾ തീർച്ചയായും അറിയേണ്ട 10 നിർണായക കാര്യങ്ങൾ

ഇന്ത്യയിലേക്കു വിദേശത്തു നിന്ന് എത്തുന്ന യാത്രക്കാർക്കുള്ള പുതുക്കിയ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ കഴിഞ്ഞ രണ്ടിന് നിലവിൽ വന്നു. 2016ൽ പുറത്തിറക്കിയ ബാഗേജ് റൂൾസ് പുതുക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. ഇതനുസരിച്ച് വിദേശത്ത് നിന്നു വരുന്ന ഇന്ത്യൻ യാത്രക്കാർക്ക് നേരത്തെ അനുവദിച്ചിരുന്ന 50,000 രൂപയുടെ ഫ്രീ അലവൻസ് 75,000 രൂപയായി ഉയർത്തി. പുതുക്കിയ ബാഗേജ് നിയമങ്ങൾ വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാർക്കും ബാധകമാണ്. ഇതിൽ ഇന്ത്യൻ താമസക്കാർ, വിനോദസഞ്ചാരികൾ (ഇന്ത്യൻ വംശജരും വിദേശ വംശജരും), സാധുവായ വീസയുള്ള വിദേശികൾ, ശിശുക്കൾ എന്നിവരും ഉൾപ്പെടും.

ആരാണ് വിനോദസഞ്ചാരി, താമസക്കാരൻ?
സാധാരണയായി ഇന്ത്യയിൽ താമസിക്കാത്ത, 12 മാസത്തിനുള്ളിൽ ആറുമാസത്തിൽ കൂടുതൽ കാലയളവില്ലാതെ നിയമാനുസൃതമായ കുടിയേറ്റേതര ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തുന്നവരാണ് ‘വിനോദസഞ്ചാരികൾ’. സാധാരണയായി ഇന്ത്യയിൽ താമസിക്കുകയും പാസ്‌പോർട്ട് ആക്ട് 1967 പ്രകാരം സാധുവായ പാസ്‌പോർട്ട് കൈവശംവയ്ക്കുകയും ചെയ്യുന്നവരെയാണ് ‘താമസക്കാരൻ’ എന്ന നിലയിൽ പരിഗണിക്കുന്നത്.

വ്യക്തിഗത വസ്തുക്കൾക്ക് തീരുവയുണ്ടോ?
യാത്രാസമയത്ത് വ്യക്തിഗത ഉപയോഗത്തിനായി ആവശ്യമായ പുതിയതോ ഉപയോഗിച്ചതോ ആയ സാധനങ്ങൾ ‘വ്യക്തിഗത വസ്തുക്കൾ’ എന്ന പരിധിയിൽ ഉൾപ്പെടും. ദൈനംദിന ഉപയോഗത്തിനും യാത്രയ്ക്കുമായി ഉപയോഗിച്ച വസ്ത്രങ്ങൾ, ടോയ്‌ലറ്ററികൾ, സുവനീറുകൾ തുടങ്ങിയവ ശിശുക്കൾ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും തീരുവ രഹിതമായി അനുവദിച്ചിട്ടുണ്ട്.

ഫ്രീ അലവൻസ് വിശദാംശങ്ങൾ
വിമാനത്തിലോ കപ്പലിലോ ഇന്ത്യയിലെത്തുന്ന ഇന്ത്യൻ വംശജരായ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും (ടൂറിസ്റ്റ് വീസ ഒഴികെ) സാധുവായ വീസയുള്ള വിദേശികൾക്കും 75,000 രൂപവരെ മൂല്യമുള്ള സാധനങ്ങൾ തീരുവ കൂടാതെ കൊണ്ടുവരാം. വിദേശ വിനോദസഞ്ചാരികൾക്ക് ഇത് 25,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരാളുടെ ഫ്രീ അലവൻസ് കുടുംബാംഗങ്ങളുമായി കൂട്ടിച്ചേർക്കാൻ അനുവാദമില്ല.

ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും
പുതുക്കിയ ചട്ടങ്ങൾ പ്രകാരം 18 വയസും അതിന് മുകളുമുള്ള യാത്രക്കാർക്ക് (ക്രൂ അംഗങ്ങൾ ഒഴികെ) പുതിയ ലാപ്‌ടോപ്പ് ഉൾപ്പെടെ ഒരു നോട്ട്പാഡ് തീരുവ രഹിതമായി കൊണ്ടുവരാം. ഉപയോഗിക്കുന്ന ഫോണിന് പുറമെ മറ്റ് മൊബൈൽ ഫോണുകൾ കൊണ്ടുവരുമ്പോൾ, മൊത്തം മൂല്യം 75,000 രൂപയ്ക്ക് മീതെയാണെങ്കിൽ അതിന് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടി വരും. പുതിയ ഹൈഎൻഡ് ഫോണുകൾക്ക് സാധാരണയായി തീരുവ ബാധകമാകും.

ആഭരണങ്ങൾക്ക് പ്രത്യേക ഇളവ്
ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ചിരുന്ന ഇന്ത്യൻ വംശജനായ താമസക്കാരനും വിനോദസഞ്ചാരിക്കും താഴെ പറയുന്ന അളവിൽ ആഭരണങ്ങൾ തീരുവ രഹിതമായി കൊണ്ടുവരാം.
– വനിതാ യാത്രക്കാരി: 40 ഗ്രാം വരെ
– പുരുഷ യാത്രക്കാരൻ: 20 ഗ്രാം വരെ
(ഇത് പൊതുവായ ഫ്രീ അലവൻസിന് പുറമേയുള്ള ഇളവാണ്.)

തീരുവ രഹിത ആനുകൂല്യത്തിൽ ഉൾപ്പെടാത്ത വസ്തുക്കൾ
തോക്കുകൾ, 50ൽ കൂടുതൽ വെടിയുണ്ടകൾ, 100ലധികം സിഗരറ്റുകൾ അല്ലെങ്കിൽ 25ലധികം സിഗാറുകൾ അല്ലെങ്കിൽ 125 ഗ്രാമിൽ കൂടുതൽ പുകയില, രണ്ട് ലിറ്ററിൽ കൂടുതൽ ലഹരിപാനീയങ്ങൾ/വൈൻ, ആഭരണങ്ങൾ ഒഴികെയുള്ള സ്വർണം-വെള്ളി, ടെലിവിഷൻ എന്നിവയ്ക്ക് തീരുവ രഹിത ആനുകൂല്യം ബാധകമല്ല. ഇത്തരം വസ്തുക്കൾക്ക് നിയമാനുസൃതമായി ഡ്യൂട്ടി അടയ്ക്കുകയോ മറ്റ് നടപടിക്രമങ്ങൾ പാലിക്കുകയോ വേണം.

സഹായം എവിടെ ലഭിക്കും?
നിരോധിതവും നിയന്ത്രിതവുമായ വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾക്കും പരാതികൾക്കും യാത്രക്കാർക്ക് എയർപോർട്ട് അറൈവൽ ഹാളിലുള്ള കസ്റ്റംസ് ഹെൽപ് ഡെസ്കിനെ സമീപിക്കാം. സഹായത്തിനായി 9947777800 എന്ന നമ്പറും അധികൃതർ അറിയിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version