കുവൈത്തിൽ വൻ ലഹരിവേട്ട: അഞ്ച് കോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പിടിയിൽ; അന്താരാഷ്ട്ര ശൃംഖലയിലെ കണ്ണി അറസ്റ്റിൽ

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ ശക്തമായ പരിശോധനയിൽ ഏകദേശം രണ്ട് ലക്ഷം കുവൈത്ത് ദീനാർ (ഏകദേശം 5.4 കോടി രൂപ) വിപണി മൂല്യമുള്ള ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഏഷ്യൻ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആകെ 10 കിലോഗ്രാം ലഹരിമരുന്നുകളാണ് പിടികൂടിയത്. ഇതിൽ 6 കിലോഗ്രാം ഹെറോയിനും 4 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമൈനും (ഷാബു) ഉൾപ്പെടുന്നു. വിദേശത്തിരുന്ന് മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന അന്താരാഷ്ട്ര തലത്തിൽ പിടികിട്ടാപ്പുള്ളിയായ ഒരു ലഹരി മാഫിയാ തലവന്റെ നിർദേശപ്രകാരമാണ് പ്രതി പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. രാജ്യത്തിനകത്ത് മയക്കുമരുന്ന് കടത്തുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സംഘടിത കുറ്റകൃത്യ ശൃംഖലയാണ് പ്രതി നടത്തിവന്നിരുന്നതെന്ന് അധികൃതർ അറിയിച്ചു. പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കൂടുതൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഉണ്ടായതായും പോലീസ് വ്യക്തമാക്കി.

ഹെറോയിനിൽ മാരക രാസവസ്തുക്കൾ ചേർത്ത് അളവ് വർധിപ്പിക്കുന്നതിനായി സജ്ജീകരിച്ച രഹസ്യ ലാബ് വീട്ടിനകത്ത് പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. ലാഭം വർധിപ്പിക്കുന്നതിനായി നടത്തുന്ന ഇത്തരം മായം ചേർക്കൽ പ്രവർത്തനങ്ങൾ ഉപഭോക്താക്കളുടെ ജീവൻ ഗുരുതര അപകടത്തിലാക്കുന്നതാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ലഹരിമരുന്ന് അളക്കുന്നതിനായി ഉപയോഗിച്ചിരുന്ന വിവിധ വലുപ്പത്തിലുള്ള നാല് ഡിജിറ്റൽ സ്കെയിലുകളും പരിശോധനയിൽ പിടിച്ചെടുത്തു. പിടികൂടിയ ലഹരിമരുന്നുകളും മാരകായുധങ്ങളും സഹിതം പ്രതിയെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട ജുഡീഷ്യൽ അതോറിറ്റിക്ക് കൈമാറി. രാജ്യത്തെ യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി മയക്കുമരുന്ന് മാഫിയയ്‌ക്കെതിരായ ശക്തമായ നടപടികൾ തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy