
ഓഫ് സീസൺ കാലയളവായിട്ടും വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതോടെ ഗൾഫ് പ്രവാസികൾ കടുത്ത പ്രതിസന്ധിയിലായി. കുറഞ്ഞ നിരക്കിൽ നാട്ടിലെത്തിയവർക്ക് തിരിച്ചുപോകാൻ ഏഴിരട്ടിയോളം തുക നൽകേണ്ടിവരുന്ന സാഹചര്യമാണുള്ളത്. നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പ് നീളുന്നതോടെ ജോലി വരെ ബാധിക്കുമോയെന്ന ആശങ്കയും പലരെയും പിടികൂടിയിട്ടുണ്ട്. ഇതോടെ കടം വാങ്ങിയും പലിശയ്ക്ക് പണം എടുത്തും ആഭരണങ്ങൾ പണയപ്പെടുത്തി പോലും കൂടിയ നിരക്കിൽ ടിക്കറ്റ് എടുത്ത് തിരിച്ചുപോകാൻ പ്രവാസികൾ നിർബന്ധിതരാകുകയാണ്. സാധാരണയായി ജനുവരി 15 മുതൽ മാർച്ച് 1 വരെയാണ് ഓഫ് സീസൺ. ഈ കാലയളവിൽ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റുകൾ ലഭിക്കാറുള്ളത്. എന്നാൽ ഈ വർഷം കേരളത്തിൽ നിന്നുള്ള യുഎഇ റൂട്ടുകളിൽ ഇത്രയധികം നിരക്ക് വർധന ആദ്യമായാണെന്ന് പ്രവാസികൾ പറയുന്നു.
യുഎഇയിൽ നിന്നു കേരളത്തിലെ വിവിധ സെക്ടറുകളിലേക്കുള്ള ശരാശരി ടിക്കറ്റ് നിരക്ക് 300 ദിർഹം (ഏകദേശം 7,000 രൂപ) മാത്രമാണ്. ഗ്രൂപ്പ് ടിക്കറ്റാണെങ്കിൽ 6,000 രൂപയ്ക്കും യാത്ര സാധ്യമാകാറുണ്ട്. എന്നാൽ ഇപ്പോൾ നേരിട്ടുള്ള വിമാനങ്ങളിൽ യുഎഇയിലേക്കുള്ള മടക്കയാത്രയ്ക്ക് 2,100 ദിർഹം വരെ (ഏകദേശം 52,000 രൂപ) ഈടാക്കുന്നു. ബജറ്റ് എയർലൈനുകളിൽ നിരക്ക് അല്പം കുറവാണെങ്കിലും സീറ്റ് ലഭ്യത വളരെ കുറവാണ്. ഈ മാസം അവസാനംവരെ മാത്രമേ നിരക്ക് കുറയാനുള്ള സാധ്യതയുള്ളുവെന്നുമാണ് വിലയിരുത്തൽ. പരിമിത അവധിയെടുത്ത് നാട്ടിലെത്തിയവർക്ക് ഏറെ നാൾ കാത്തിരിക്കാനാവില്ലെന്ന സാഹചര്യം മുതലെടുത്താണ് എയർലൈനുകൾ ഓൺലൈനിലെ തിരച്ചിൽ വർധിക്കുന്നതിനനുസരിച്ച് നിരക്ക് ഉയർത്തുന്നതെന്നും പ്രവാസികൾ ആരോപിക്കുന്നു.
ഒരു സീറ്റിന് 61,671 രൂപ
ഇന്നലെ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്ക് എമിറേറ്റ്സ്, ഇത്തിഹാദ് എയർലൈനുകളിൽ ശരാശരി നിരക്ക് 52,000 രൂപയായിരുന്നു. അവസാനമായി ലഭ്യമായ ഒരു സീറ്റിന് ഇൻഡിഗോ ഈടാക്കിയത് 61,671 രൂപ. എയർ ഇന്ത്യ എക്സ്പ്രസിൽ സീറ്റുകളൊന്നും ലഭ്യമായിരുന്നില്ല. ഇന്നത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ 43,000 രൂപയും എയർ ഇന്ത്യയിൽ 55,700 രൂപയുമാണ് നിരക്ക്. നാളത്തേക്ക് സ്പൈസ് ജെറ്റിൽ 39,000 രൂപയും എയർ അറേബ്യയിൽ കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് 41,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
അവധിക്കാലത്തും നിരക്ക് കുതിക്കും
മാസാവസാനം നിരക്ക് അല്പം കുറയുമെന്ന പ്രതീക്ഷയും അധികം നാൾ നിലനിൽക്കില്ലെന്നാണ് സൂചന. മാർച്ച് അവസാന വാരത്തോടെ സ്കൂളുകൾ അടയ്ക്കുന്നതോടെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് വീണ്ടും ഉയരുമെന്നാണു വിലയിരുത്തൽ. പ്രവാസി കുടുംബങ്ങളുടെ യാത്ര ലക്ഷ്യമിട്ടാണ് എയർലൈനുകൾ ഇതിനകം തന്നെ നിരക്ക് ഉയർത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെക്ടറുകളെ അപേക്ഷിച്ച് കണ്ണൂരിൽ നിന്നാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത്. വിമാന സർവീസുകൾ കുറവായതാണ് പ്രധാന കാരണം. കണ്ണൂരിൽ നിന്ന് മാർച്ച് അവസാനം ദുബായിലേക്കു പോയി മേയ് അവസാനം തിരിച്ചെത്തണമെങ്കിൽ ഒരാൾക്ക് തന്നെ 74,000 രൂപയോളം ചെലവാകും. നാലംഗ കുടുംബത്തിന് ഇത് രണ്ടേകാൽ ലക്ഷം രൂപ വരെ ഉയരും. ടിക്കറ്റ് ബുക്കിംഗ് വൈകുന്നതനുസരിച്ച് നിരക്ക് ഇനിയും വർധിക്കുമെന്നാണ് മുന്നറിയിപ്പ്. ഗൾഫിൽ സ്കൂൾ അവധിയാകുന്ന ജൂലൈ–ഓഗസ്റ്റ് മാസങ്ങളിലും ഇതേ അവസ്ഥ ആവർത്തിക്കാനാണ് സാധ്യത.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL