
കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് സർക്കാർ ഓഫീസുകൾക്കും മന്ത്രാലയങ്ങൾക്കുമായി പുതിയ ജോലി സമയക്രമം കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ (CSC) പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന ഫ്ലെക്സിബിൾ വർക്കിംഗ് സിസ്റ്റമാണ് ഇത്തവണയും നടപ്പിലാക്കുന്നത്.
ഈ റമദാനിലും സർക്കാർ ജീവനക്കാർക്ക് പ്രതിദിനം നാലര മണിക്കൂർ മാത്രമായിരിക്കും ജോലി. രാവിലെ 8:30 മുതൽ 10:30 വരെയുള്ള സമയത്തിനുള്ളിൽ ജീവനക്കാർക്ക് ഓഫീസിൽ ഹാജരാകാവുന്നതാണ്. ഹാജരാകുന്ന സമയം മുതൽ കൃത്യം നാലര മണിക്കൂർ ജോലി ചെയ്താൽ മതിയാകും. ഇത് കൂടാതെ ജീവനക്കാർക്ക് നിശ്ചിത സമയങ്ങളിൽ ഇളവുകളും (Grace Period) അനുവദിച്ചിട്ടുണ്ട്.
സ്ത്രീ ജീവനക്കാർക്ക് ജോലിയുടെ തുടക്കത്തിലും അവസാനത്തിലും 15 മിനിറ്റ് വീതം ഇളവ് ലഭിക്കും. പുരുഷന്മാർക്ക് ഡ്യൂട്ടിയുടെ തുടക്കത്തിലോ അവസാനത്തിലോ ഏതെങ്കിലും ഒരു സമയത്ത് 15 മിനിറ്റ് ഇളവ് ലഭിക്കുന്നതാണ്. രാജ്യത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ച് അഞ്ച് വ്യത്യസ്ത ഷിഫ്റ്റുകളിൽ ഒന്നോ അല്ലെങ്കിൽ ഫ്ലെക്സിബിൾ സമയമോ തിരഞ്ഞെടുക്കാൻ അതത് മന്ത്രാലയങ്ങൾക്ക് അനുവാദമുണ്ടാകും.
വിശുദ്ധ മാസത്തിൽ വിശ്വാസികൾക്ക് ആരാധനകൾക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സൗകര്യമൊരുക്കുന്നതിനാണ് ഈ സമയക്രമീകരണം. സ്വകാര്യ മേഖലയിലും സാധാരണയായി ജോലി സമയത്തിൽ കുറവ് വരുത്താറുണ്ട്. വരാനിരിക്കുന്ന റമദാൻ മാസത്തിനായുള്ള ഒരുക്കങ്ങൾ രാജ്യത്തുടനീളം പുരോഗമിക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL