ഗൾഫ് വ്യോമയാന മേഖലയിൽ പുതിയ ചരിത്രമെഴുതി കുവൈറ്റ്; വിസ്മയമായി മാറുന്ന ടി2 ടെർമിനൽ ഉടൻ യാഥാർത്ഥ്യമാകും

കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയിലെ വ്യോമയാന രംഗത്ത് പുതിയ മാനദണ്ഡങ്ങൾ കുറിച്ചുകൊണ്ട് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ (T2) അതിവേഗം പൂർത്തിയാകുന്നു. രാജ്യത്തിന്റെ ഭാവിയിലേക്കുള്ള കവാടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പദ്ധതി, ലോകോത്തര സാങ്കേതിക വിദ്യകളും ആഡംബര സൗകര്യങ്ങളും സംയോജിപ്പിച്ചാണ് നിർമ്മിക്കുന്നത്. കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന പ്രധാന വ്യോമയാന കേന്ദ്രമായി കുവൈറ്റിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ 81.14 ശതമാനം ജോലികളും ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.

യാത്രക്കാർക്ക് അതിവേഗത്തിലും ആയാസരഹിതമായും യാത്ര ചെയ്യാവുന്ന രീതിയിലാണ് ടെർമിനലിന്റെ രൂപകൽപ്പന. 550 മീറ്റർ നീളമുള്ള വിശാലമായ പാസഞ്ചർ ജെറ്റ്‌വേയും ബിസിനസ്-ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി പ്രത്യേക പ്രവേശന കവാടങ്ങളും ഇവിടെയുണ്ട്. അത്യാധുനികമായ 189 ലിഫ്റ്റുകളും 30 വിമാനങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കാവുന്ന ജെറ്റ്‌വേകളും ടെർമിനലിന്റെ പ്രത്യേകതയാണ്. പരിസ്ഥിതി സൗഹൃദമായ നിർമ്മാണ രീതിയാണ് വിമാനത്താവളത്തിൽ അവലംബിച്ചിരിക്കുന്നത്. 87,000-ത്തിലധികം ചെടികൾ നട്ടുപിടിപ്പിച്ചും മഴവെള്ള സംഭരണികൾ നിർമ്മിച്ചും പ്രകൃതിഭംഗിയും സാങ്കേതികതയും ഇവിടെ ഒത്തുചേരുന്നു.

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നാല് നിലകളിലായി അയ്യായിരത്തോളം പാർക്കിംഗ് ഇടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേക ചാർജിംഗ് പോയിന്റുകളും ഇവിടെ ലഭ്യമാണ്. കൂടാതെ ഭാവിയിലെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ നീളമുള്ള പ്രത്യേക തുരങ്കവും നിർമ്മിച്ചിട്ടുണ്ട്. നിർമ്മാണത്തിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച യാത്രാ സൗകര്യങ്ങളുള്ള വിമാനത്താവളമായി കുവൈറ്റ് മാറും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version