കുവൈത്തിൽ പൗരത്വ പരിശോധന കർശനം; ഇത്രയും ആളുകളുടെ പൗരത്വം കൂടി റദ്ദാക്കി!

കുവൈത്ത് സിറ്റി: രാജ്യത്തെ പൗരത്വ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയ ഒമ്പത് പേരുടെ പൗരത്വം കൂടി കുവൈത്ത് സർക്കാർ റദ്ദാക്കി. 1959-ലെ കുവൈത്ത് ദേശീയ പൗരത്വ നിയമത്തിലെ പതിനൊന്നാം വകുപ്പ് പ്രകാരമാണ് ഈ നടപടി. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സർക്കാർ ഗസറ്റായ കുവൈത്ത് അൽ-യൗമിൽ പ്രസിദ്ധീകരിച്ചു.

സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിച്ചതാണ് ഈ വ്യക്തികൾക്ക് തിരിച്ചടിയായത്. കുവൈത്ത് നിയമപ്രകാരം ഒരാൾ മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടിയാൽ അവരുടെ കുവൈത്ത് പൗരത്വം സ്വയമേവ ഇല്ലാതാകും. ഇത്തരത്തിൽ പൗരത്വം നഷ്ടപ്പെടുന്ന വ്യക്തികളുടെ പ്രായപൂർത്തിയാകാത്ത മക്കൾക്കും വിദേശ പൗരത്വം ലഭിക്കുന്നുണ്ടെങ്കിൽ അവരുടെയും കുവൈത്ത് ദേശീയത റദ്ദാക്കപ്പെടും. എന്നാൽ പൗരത്വം നഷ്ടപ്പെട്ട വ്യക്തിയുടെ കുവൈത്ത് സ്വദേശിയായ ഭാര്യ വിദേശ പൗരത്വം സ്വീകരിക്കാൻ തയ്യാറായിട്ടില്ലെങ്കിൽ അവരുടെ പൗരത്വം നിലനിൽക്കുന്നതാണ്.

വ്യാജ രേഖകൾ വഴിയോ ഇരട്ട പൗരത്വം വഴിയോ കുവൈത്ത് ദേശീയത കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വലിയ പരിശോധനകളാണ് രാജ്യത്ത് നടക്കുന്നത്. ഇതിനകം നിരവധി പേരുടെ പൗരത്വം ഇത്തരത്തിൽ റദ്ദാക്കി കഴിഞ്ഞു. ദേശീയ സുരക്ഷയും പൗരത്വ ശുദ്ധിയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സർക്കാർ നടപടികൾ തുടരുകയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy