സ്പോൺസർ മരിച്ചാലോ നാടുകടത്തപ്പെട്ടാലോ എന്തുചെയ്യണം? കുവൈറ്റ് റെസിഡൻസി നിയമങ്ങളിൽ വ്യക്തത വരുത്തി അധികൃതർ

കുവൈറ്റ് സിറ്റി: സ്പോൺസർ മരണപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ പ്രവാസികളുടെ താമസരേഖ (Residency) സംബന്ധിച്ച അവ്യക്തതകൾ നീക്കി കുവൈറ്റ് റെസിഡൻസി അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ പുതിയ വിശദീകരണം നൽകി. ഇത്തരം പ്രതിസന്ധികളിൽ അകപ്പെടുന്ന കുടുംബങ്ങൾക്കും ആശ്രിത വിസയിലുള്ളവർക്കും ആശ്വാസകരമായ ചില നിർദ്ദേശങ്ങളും ഇതിലുണ്ട്.

ആർട്ടിക്കിൾ 17 അല്ലെങ്കിൽ 18 പ്രകാരം വിസയുള്ള ഒരു സ്പോൺസർ മരണപ്പെട്ടാൽ, അദ്ദേഹത്തിന്റെ കീഴിൽ താമസരേഖയുള്ള ഭാര്യയും മക്കളും ഉടൻ തന്നെ അതത് ഗവർണറേറ്റുകളിലെ റെസിഡൻസി വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണം. ഭാര്യക്ക് നിലവിൽ ജോലിയുണ്ടെങ്കിലോ അല്ലെങ്കിൽ പുതിയ ജോലി കണ്ടെത്തുകയോ ചെയ്താൽ, മക്കളുടെ സ്പോൺസർഷിപ്പ് മാതാവിന്റെ പേരിലേക്ക് മാറ്റാൻ സാധിക്കും. എന്നാൽ സ്പോൺസർ നാടുകടത്തപ്പെടുകയും ഭാര്യക്ക് ജോലിയില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിൽ കുടുംബത്തിന്റെ താമസരേഖ റദ്ദാക്കപ്പെടും. എങ്കിലും പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് അവരുടെ പഠനം പൂർത്തിയാക്കുന്നതിനായി രാജ്യം വിടുന്നതിന് മുൻപ് നിശ്ചിത കാലാവധി വരെ താൽക്കാലിക അനുമതി നൽകുന്നതാണ്.

സ്പോൺസർ വിദേശത്തായിരിക്കെ വിസ കാലാവധി അവസാനിച്ചാലും സമാനമായ രീതിയിൽ മാതാവിന് ജോലിയുണ്ടെങ്കിൽ കുട്ടികളുടെ വിസ മാറ്റുന്ന കാര്യം അധികൃതർ പരിഗണിക്കും. സ്പോൺസർ ജയിലിലാകുന്ന കേസുകളിലും ഇതേ നിയമം ബാധകമാണ്. കുവൈറ്റ് പൗരത്വമുള്ള സ്ത്രീകളുടെ വിദേശികളായ മക്കൾക്ക് ജോലി കണ്ടെത്താനോ സ്വന്തം സ്പോൺസർഷിപ്പിലേക്ക് (Article 24) മാറാനോ പ്രത്യേക സാവകാശം നൽകും. കുവൈറ്റ് പൗരന്മാരായ ഭർത്താക്കന്മാർ മരിച്ച വിധവകൾക്കും വിവാഹമോചിതർക്കും പ്രത്യേക പരിശോധനകൾക്ക് ശേഷം രാജ്യത്ത് തുടരാൻ അനുമതി ലഭിക്കും. സ്പോൺസർക്ക് മാനസിക വെല്ലുവിളികൾ നേരിടുന്ന സാഹചര്യമുണ്ടായാൽ ഓരോ കേസും പ്രത്യേകം പരിശോധിച്ച് കുട്ടികളുടെ വിസ മാതാവിന്റെ പേരിലേക്ക് മാറ്റാൻ അനുവാദം നൽകുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ പ്രവാസികൾ കാലതാമസം കൂടാതെ റെസിഡൻസി കാര്യാലയങ്ങളെ സമീപിച്ച് നടപടികൾ പൂർത്തിയാക്കേണ്ടതാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version