
സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത് എയർവേയ്സ്. ജൂൺ മുതൽ അലക്സാണ്ട്രിയ, സൂറിച്ച്, മൈക്കോണോസ്, മലാഗ എന്നിവ ഉൾപ്പെടെ നിരവധി നഗരങ്ങളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നതെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു. പുതിയ ഷെഡ്യൂളിന്റെ ഭാഗമായി കുവൈത്തിലേക്കും കുവൈത്തിൽ നിന്ന് പുറപ്പെടുന്ന എല്ലാ ഇക്കണമി ക്ലാസ് വിമാനങ്ങൾക്കും 15 ശതമാനം കിഴിവോടെയുള്ള പ്രത്യേക ഓഫറും എയർലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫർ ഉപഭോക്താക്കൾക്ക് വിവിധ ബുക്കിങ് പ്ലാറ്റ്‌ഫോമുകൾ വഴി ലഭ്യമാകും.
ജൂൺ മാസത്തിൽ അലക്സാണ്ട്രിയ, ഷാം എൽ ഷെയ്ഖ്, സലാല, സൂറിച്ച്, ആന്റാലിയ, ട്രാബ്‌സൺ, സരജേവോ, വിയന്ന, ബോഡ്രം തുടങ്ങിയ നഗരങ്ങളാണ് പുതിയ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കുവൈത്ത് എയർവേയ്സിന്റെ ആക്ടിംഗ് സിഇഒ അബ്ദുൽ വഹാബ് അൽ ഷാത്തി വ്യക്തമാക്കി. കുവൈത്ത് എയർവേയ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, സെയിൽസ് ഓഫിസുകൾ, 171 കോൾ സെന്റർ എന്നിവ വഴിയാണ് ഈ പ്രത്യേക ഓഫർ ലഭ്യമാകുന്നത്. ഏറ്റവും പുതിയ വിനോദ സംവിധാനങ്ങളോടുകൂടിയ വിമാനങ്ങൾ, വൈവിധ്യമാർന്ന ഭക്ഷണമെനു, ഉയർന്ന നിലവാരമുള്ള സേവനം, പരിചയസമ്പന്നരായ ക്യാബിൻ ക്രൂ എന്നിവ കുവൈത്ത് എയർവേയ്സിന്റെ പ്രത്യേകതകളാണെന്നും, വിമാനത്തിൽ കയറുന്ന നിമിഷം മുതൽ ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ യാത്രക്കാർക്ക് സുഖകരവും ആസ്വാദ്യകരവുമായ യാത്രാനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അബ്ദുൽ വഹാബ് അൽ ഷാത്തി കൂട്ടിച്ചേർത്തു.