
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ടയുമായി ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ്. രണ്ട് കുവൈറ്റ് കുടുംബങ്ങളിൽ ഡ്രൈവർമാരായി ജോലി ചെയ്തിരുന്ന രണ്ട് ഏഷ്യൻ വംശജരെ സിന്തറ്റിക് കഞ്ചാവും ക്രിസ്റ്റൽ മെത്തും (ഷാബു) സഹിതം സുരക്ഷാ സേന പിടികൂടി. ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർദ്, ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് ഹമദ് അൽ യൂസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.
പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും കൈവശം വെച്ചിരിക്കുന്നതായും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇവരുടെ പക്കൽ നിന്ന് 31 ഗ്രാം സിന്തറ്റിക് കഞ്ചാവും ഷാബുവും കൂടാതെ മയക്കുമരുന്ന് അളക്കാനുപയോഗിക്കുന്ന കൃത്യതയുള്ള ത്രസസും മറ്റ് അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തു.
പിടിച്ചെടുത്ത സാധനങ്ങളും പ്രതികളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശനമായ പരിശോധനകൾ തുടരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി അറസ്റ്റിൽ
കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ ബെന്നി തോമസിനെയാണ് കേളകം പോലീസ് പിടികൂടിയത്. സ്വകാര്യ നറുക്കെടുപ്പുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകിയ പരാതിയിലാണ് നടപടി.
മുപ്പത്തിയഞ്ച് വർഷം സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്ത് ബെന്നി സമ്പാദിച്ച 26 സെന്റ് സ്ഥലവും ഏഴ് മുറികളുള്ള 3300 സ്ക്വയർ ഫീറ്റ് ഇരുനില വീടുമായിരുന്നു നറുക്കെടുപ്പിലെ ഒന്നാം സമ്മാനം. 1500 രൂപയുടെ കൂപ്പൺ വഴി ഒന്നാം സമ്മാനത്തിന് പുറമെ മഹീന്ദ്ര ഥാർ, കാർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.
റിയാദിൽ സ്പെയർ പാർട്സ് ബിസിനസ് നടത്തിയിരുന്ന ബെന്നിയുടെ വീഴ്ച തുടങ്ങുന്നത് കോവിഡ് കാലത്താണ്. നാട്ടിൽ കൃഷി ആവശ്യത്തിനായി എടുത്ത 55 ലക്ഷം രൂപയുടെ വായ്പയും ബിസിനസിലെ തിരിച്ചടികളും അദ്ദേഹത്തെ തളർത്തി. ഇതിനിടെ സ്പോൺസർ മരിച്ചതും ബിസിനസ് പങ്കാളി ചതിച്ചതും മൂലം വിസ നഷ്ടപ്പെട്ട് ബെന്നിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തിരിച്ചടികൾക്കിടയിലാണ് ഭാര്യയ്ക്ക് അർബുദം ബാധിക്കുന്നത്. ഓരോ 21 ദിവസത്തെ ചികിത്സയ്ക്കും ലക്ഷങ്ങൾ വേണ്ടിവന്നതോടെ കടബാധ്യത 85 ലക്ഷം രൂപയായി വർദ്ധിച്ചു. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയതോടെ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ വില ലഭിച്ചില്ല. ഈ ഗതികേടിലാണ് നറുക്കെടുപ്പിലൂടെ പണം കണ്ടെത്താൻ ബെന്നി തീരുമാനിച്ചത്.
കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച കൂപ്പൺ വിൽപനയുടെ നറുക്കെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പോലീസ് ഇടപെടൽ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ബെന്നിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് വിൽക്കാത്ത കൂപ്പണുകൾ പിടിച്ചെടുക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. നിയമം ലംഘിക്കപ്പെട്ടെങ്കിലും, ചികിത്സയ്ക്കും നിലനിൽപ്പിനും വേണ്ടി ഒരു മനുഷ്യൻ നടത്തിയ അവസാനത്തെ പോരാട്ടവും പരാജയപ്പെട്ടതിന്റെ വേദനയിലാണ് നാട്ടുകാർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL