Posted By Editor Editor Posted On

അനുമതിയില്ലാതെ പരിപാടികൾ: കുവൈത്ത് വിദ്യാഭ്യാസ മന്ത്രി സ്കൂൾ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു; അന്വേഷണത്തിന് ഉത്തരവ്

കുവൈത്ത് സിറ്റി: ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെ സ്കൂൾ പരിപാടികൾ സംഘടിപ്പിച്ചതിനെ തുടർന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം നിരവധി സ്കൂൾ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അച്ചടക്കവും അഖണ്ഡതയും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.

സ്ഥാപിത നിയമങ്ങളെയും മന്ത്രിതല നിർദ്ദേശങ്ങളെയും ലംഘിച്ച് നടന്ന രണ്ട് സ്കൂൾ പരിപാടികളുമായി ബന്ധപ്പെട്ട് മന്ത്രാലയം അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരത്തെയും അന്തസ്സിനെയും തുരങ്കം വെക്കുന്ന ഗുരുതരമായ ലംഘനങ്ങളായാണ് മന്ത്രാലയം ഈ സംഭവങ്ങളെ കാണുന്നത്.

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി എഞ്ചിനീയർ സയ്യിദ് ജലാൽ അബ്ദുൽ മൊഹ്‌സെൻ അൽ-തബ്തബായി ആണ് ഈ നിർദ്ദേശം നൽകിയത്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ – സ്‌കൂൾ പ്രിൻസിപ്പൽമാർ, വിഷയ അധ്യാപകർ എന്നിവരുൾപ്പെടെ – ഉടൻ സസ്പെൻഡ് ചെയ്യാൻ അദ്ദേഹം നിർദേശം നൽകി.

തൊഴിൽപരമായ ഉത്തരവാദിത്തങ്ങളിൽ അലംഭാവം കാണിക്കുകയോ മന്ത്രിതല തീരുമാനം 135/2025 പ്രകാരമുള്ള ചട്ടങ്ങൾ ലംഘിക്കുകയോ ചെയ്യുന്ന ആർക്കെതിരെയും നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

ഗൾഫിൽ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ കേരള സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; ശമ്പളത്തിന് പുറമെ താമസം, ഫ്രീ ടിക്കറ്റും

ഗൾഫ് രാജ്യങ്ങളിൽ ജോലി ലക്ഷ്യമിടുന്നവർക്ക് സന്തോഷവാർത്ത. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒഡാപെക് (Overseas Development and Employment Promotion Consultants Ltd) ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപക തസ്തികകളിൽ പുതിയ റിക്രൂട്ട്‌മെന്റ് ആരംഭിച്ചു.

ലിംഗഭേദമില്ലാതെ അപേക്ഷിക്കാമെങ്കിലും സ്ത്രീകൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. താൽപര്യമുള്ളവർ ഒഡാപെക് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണം.

അവസാന തീയതി: ഒക്ടോബർ 15

ഒഴിവുകൾ

ഒമാനിലെ സ്കൂളുകളിലെ താഴെപ്പറയുന്ന വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുള്ളത്:

ഇംഗ്ലീഷ് – 01

ഫിസിക്സ് – 01

മാത്‌സ് – 01

ഐസിടി (Information & Communication Technology) – 01

ഫിസിക്കൽ എജ്യുക്കേഷൻ – 01

ആകെ ഒഴിവുകൾ: 05

യോഗ്യത

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബിഎഡും നിർബന്ധം.

പിജി യോഗ്യതയുള്ളവർക്ക് മുൻഗണന.

ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനം ആവശ്യമാണ്.

അധ്യാപന പരിചയം: 2 മുതൽ 5 വർഷം വരെ.

പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

ശമ്പളവും ആനുകൂല്യങ്ങളും

പ്രതിമാസം 300 ഒമാനി റിയാൽ (ഏകദേശം ₹65,000).

താമസം, മെഡിക്കൽ ഇൻഷുറൻസ്, ഇക്കോണമി ക്ലാസ് റിട്ടേൺ ടിക്കറ്റ് (വർഷത്തിലൊരിക്കൽ), 30 ദിവസത്തെ പെയ്ഡ് ലീവ് എന്നിവയും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ഒഡാപെകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് Job Openings → Oman Recruitment വിഭാഗം തിരഞ്ഞെടുക്കണം.

തുടർന്ന്, സിവി, പാസ്‌പോർട്ട് കോപ്പി, സർട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കണം:
[email protected]

സബ്ജക്ട് ലൈനിൽ “Teacher” എന്ന് രേഖപ്പെടുത്തണം.

അപേക്ഷകൾ ഒക്ടോബർ 15ന് മുമ്പ് ലഭിക്കണം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ ഇമെയിൽ മുഖേന അറിയിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഒഡാപെക് വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്, അല്ലെങ്കിൽ ഹെൽപ്‌ലൈൻ നമ്പറുകളായ
0471-2329440 / 41 / 42 / 43 / 45 എന്നവയിൽ ബന്ധപ്പെടാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

നെഞ്ചുവേദന ‘ഗ്യാസ് ‘ ആയി തള്ളിക്കളയല്ലേ! ഗൾഫിൽ പ്രവാസികളുടെ പെട്ടെന്നുള്ള മരണം കൂടുന്നു; കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് മലയാളികൾ മരണമടഞ്ഞു. ഈ ആഴ്ച മാത്രം ജിദ്ദയിൽ അഞ്ചോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുഴഞ്ഞുവീണും ഹൃദയാഘാതം സംഭവിച്ചുമാണ് മരണങ്ങൾ സംഭവിച്ചത്. മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശി പൊൻമുണ്ടം കുന്നത്ത് അബ്ദുൽ സലാം, വർക്കല സ്വദേശി ദിൽദാർ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മലയാളികൾ.

അബ്ദുൽ സലാം നാട്ടിലേക്കു പോകാനിരിക്കെ വെള്ളിയാഴ്ച്ചയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ ഇസിജി പരിശോധനയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ തിരിച്ചറിഞ്ഞു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു. ദിൽദാറും ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു. ഇസിജി എടുത്ത ശേഷം മരുന്ന് വാങ്ങുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്.

കോവിഡ്-ശേഷം പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ വർധിച്ചതായി സാമൂഹ്യപ്രവർത്തകർ വ്യക്തമാക്കുന്നു. അമിത മാനസിക സമ്മർദ്ദം, ജോലിയില്ലായ്മ, വ്യായാമക്കുറവ്, ഉറക്കക്കുറവ്, ഭക്ഷണത്തിലെ അനിയന്ത്രിതത്വം, ആരോഗ്യ പരിശോധനയിൽ അവഗണന എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗലക്ഷണങ്ങൾ വ്യക്തമായിട്ടും മരുന്ന് കഴിക്കാനോ ഡോക്ടറുടെ നിർദ്ദേശം പാലിക്കാനോ പലരും തയാറാകുന്നില്ലെന്ന് ജിദ്ദയിലെ പ്രശസ്ത ഡോക്ടർ വിനീത പിള്ള മനോരമ ഓൺലൈനിനോട് പറഞ്ഞു.

“ഹൃദയാഘാതത്തിന്റെ സൂചനയുണ്ടെന്ന് പറഞ്ഞാലും പലരും ‘നാട്ടിൽ പോയി ചികിത്സിക്കാം’ എന്ന നിലപാടിലാണ്. നെഞ്ചുവേദന വന്നാൽ അത് ‘ഗ്യാസ്’ ആണെന്ന് കരുതി അവഗണിക്കരുത്. ചെറുതായി തോന്നുന്ന വേദനകൾ പോലും ഗുരുതര രോഗത്തിന്റെ മുന്നറിയിപ്പ് ആയിരിക്കാം,” — ഡോ. വിനീത പിള്ള മുന്നറിയിപ്പ് നൽകി.

തനിക്കു സമീപകാലത്ത് ചികിത്സയ്‌ക്ക് എത്തിയ ഒരു രോഗിയെ കുറിച്ച് പറഞ്ഞ ഡോക്ടർ പറഞ്ഞു: “ചെറിയ നെഞ്ചുവേദനയ്ക്കു എന്തിന് ഇസിജി, രക്തപരിശോധന തുടങ്ങിയ പരിശോധനകൾ എന്ന് വാദിച്ച രോഗിയെ നിർബന്ധിച്ച് പരിശോധനയ്ക്ക് വിധേയനാക്കുമ്പോഴാണ് ഹൃദയാഘാതത്തിന്റെ ലക്ഷണം കണ്ടെത്തിയത്.”

പ്രവാസികൾക്ക് പൊതുവേ ഇൻഷുറൻസ് ലഭ്യമായതിനാൽ സമീപത്തെ ആശുപത്രികളിൽ പരിശോധന നടത്താൻ ബുദ്ധിമുട്ടില്ലെന്നും, നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങൾ വന്നാൽ തൽക്ഷണം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടർ ഉപദേശിച്ചു.

“മരുന്നുകൾ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനാണ്. ഷുഗറിനും കൊളസ്ട്രോളിനും മരുന്ന് കഴിക്കാൻ പലരും മടിക്കുന്നു; ഒരിക്കൽ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരുമെന്ന തെറ്റിദ്ധാരണയാണ് കാരണം. ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തണമെന്നും മുന്നറിയിപ്പുകൾ ഗൗരവത്തിൽ എടുക്കണമെന്നും ഡോ. വിനീത പിള്ള പറഞ്ഞു.”

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

ഉറക്കത്തിൽ ഹൃദയാഘാതം, നൊമ്പരമായി ബിൻഷാദ്; പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി: പ്രവാസലോകത്തെ നോവായി, എറണാകുളം മൂവാറ്റുപുഴ സ്വദേശി ബിൻഷാദ് (24) കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഫർവാനിയയിലെ ഒരു റസ്റ്റാറൻ്റിൽ ജോലി ചെയ്യുകയായിരുന്നു ബിൻഷാദ്.

വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ബിൻഷാദിനെ പിന്നീട് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

മൂവാറ്റുപുഴ ഉത്തിനാട്ടു കാവുംകര അസിയുടെയും ഹാജറയുടെയും മകനാണ് ബിൻഷാദ്. ഉസാമ, സൈബ എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടികൾ കുവൈത്തിൽ പുരോഗമിക്കുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *