
കുവൈത്ത് ഉൾക്കടലിൽ മുള്ളറ്റിന്‍റെ മത്സ്യബന്ധനത്തിന് അനുമതി
കുവൈത്ത് ഉൾക്കടലിൽ (Kuwait Bay) മുള്ളറ്റ് മത്സ്യബന്ധനത്തിന് അനുമതി നൽകിയതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (PAAFR) ഡയറക്ടർ ജനറൽ എഞ്ചിനീയർ സാലിം അൽ-ഹായ് അറിയിച്ചു. പ്രാദേശിക വിപണിയിലെ മത്സ്യലഭ്യത വർധിപ്പിക്കുകയും വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് തീരുമാനത്തിന്റെ ലക്ഷ്യം. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി കൂടിയായ ആക്ടിംഗ് ധനകാര്യ മന്ത്രി ഡോ. സുബൈഹ് അൽ-മുഖൈസീമിൻ്റെ നിർദേശപ്രകാരമാണ് നടപടി. പരിസ്ഥിതി പൊതു അതോറിറ്റിയുടെയും കോസ്റ്റ് ഗാർഡ് ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ മാത്രമായിരിക്കും മത്സ്യബന്ധനത്തിന് അനുമതി നൽകുക. റാസ് അൽ-സുബിയ വരെയുള്ള ഉൾക്കടൽ വടക്കൻ തീരപ്രദേശത്ത് മാത്രം മത്സ്യബന്ധനം നടത്താൻ സാധിക്കും.
ആകെ 50 താത്കാലിക സീസണൽ പെർമിറ്റുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അംഗീകൃത ഇടത്തരം വലകൾ (mid-range nets) ഉപയോഗിച്ച് ജീവനുള്ള മുള്ളറ്റ് മത്സ്യം പിടിക്കാം. ഒരു സീസണിലെ പിടുത്തപരിധി 400 ടൺ ആയി നിശ്ചയിച്ചിട്ടുണ്ട്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ മാത്രമേ മത്സ്യബന്ധനം നടത്താവൂ, കൂടാതെ ജാബർ പാലത്തിന് താഴെയുള്ള കപ്പൽ സഞ്ചാര പാതയിലൂടെ മാത്രമേ ഉൾക്കടലിലേക്ക് പ്രവേശനം അനുവദിക്കൂ. മത്സ്യബന്ധന പ്രവർത്തനങ്ങൾ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മറൈൻ കൺട്രോൾ ഡിപ്പാർട്ട്‌മെന്റും കോസ്റ്റ് ഗാർഡും സംയുക്തമായി കർശനമായ നിരീക്ഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
യാത്രക്കാർക്ക് സന്തോഷവാർത്ത; ഇനി ക്യൂ നിൽക്കേണ്ട; ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇ-അറൈവൽ കാർഡ് പ്രാബല്യത്തിൽ
ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ഇനി മുതൽ കൂടുതൽ വേഗത്തിലും ലളിതമായും. പരമ്പരാഗതമായ പേപ്പർ ഡിസെംബാർക്കേഷൻ കാർഡിന് പകരം ഡിജിറ്റൽ ഇ-അറൈവൽ കാർഡ് സംവിധാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിലായി. വിദേശ പൗരന്മാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിൽ പൂർത്തിയാക്കുക ലക്ഷ്യമിട്ടാണ് ഈ മാറ്റം. യാത്രക്കാർ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപും 24 മണിക്കൂറിനുള്ളിലും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്സൈറ്റ് വഴി ഇ-അറൈവൽ കാർഡ് പൂരിപ്പിച്ച് സമർപ്പിക്കണം. ഈ നടപടിക്രമത്തിന് ഫീസില്ല. കാർഡ് മുൻകൂട്ടി പൂരിപ്പിക്കാത്തവർക്ക് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾക്കായി കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
പാസ്‌പോർട്ട് നമ്പർ, ദേശീയത, സന്ദർശന ലക്ഷ്യം, ഇന്ത്യയിലെ വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങി അടിസ്ഥാന വിവരങ്ങളാണ് ഓൺലൈൻ ഫോമിൽ ആവശ്യമായിരിക്കുന്നത്. രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. ഇന്ത്യൻ പൗരന്മാരെയും ഒസിഐ കാർഡ് ഉടമകളെയും ഈ സംവിധാനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎഇ ഉൾപ്പെടെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരെ അയക്കുന്ന രാജ്യങ്ങളിലെ ട്രാവൽ ഏജൻസികൾ പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. “യാത്രക്കാരുടെ സമയം ലാഭിക്കാൻ സഹായിക്കുന്ന സുപ്രധാന മാറ്റമാണിത്” എന്നാണ് അവരുടെ അഭിപ്രായം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് ഓൺലൈനായി ഫോം പൂർത്തിയാക്കാനാകുന്നതോടെ, യാത്രക്കാർ വിമാനത്തിൽ കയറുന്നതിനുമുമ്പ് തന്നെ അവരുടെ വിവരങ്ങൾ ഇമിഗ്രേഷൻ കൗണ്ടറിൽ ലഭ്യമാകും. ഇതോടെ വിമാനത്താവളത്തിൽ അറൈവൽ കാർഡ് പൂരിപ്പിക്കേണ്ട സമയം ഒഴിവാക്കാനാകും. പേപ്പറിൽ നിന്ന് ഡിജിറ്റലിലേക്കുള്ള ഈ മാറ്റം നടപടിക്രമങ്ങൾ ലളിതമാക്കുകയും തിരക്കേറിയ ഇന്ത്യൻ വിമാനത്താവളങ്ങളിലെ നീണ്ട നിരകൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
വ്യാജമായി വിദേശ ബ്രാന്റ് മദ്യങ്ങൾ നിർമ്മിച്ചു; കുവൈത്തിൽ പ്രവാസി വനിത അറസ്റ്റിൽ
കുവൈത്തിൽ പ്രമുഖ വിദേശ ബ്രാന്റ് മദ്യങ്ങൾ വ്യാജമായി നിർമ്മിച്ച പ്രവാസി വനിത അറസ്റ്റിൽ. ഏഷ്യൻ വനിതയാണ് അറസ്റ്റിലായത്. മഹബൂലയിലെ ഫ്‌ളാറ്റിൽ നിന്നാണ് ഇവർ അറസ്റ്റിലായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഖൈത്താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിതരണത്തിനു തയ്യാറായ വിവിധ വിദേശ ബ്രാണ്ടുകളുടെ പേരിലുള്ള 300 ഓളം മദ്യ കുപ്പികളും നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. മദ്യ നിർമ്മാണ, വ്യാപാര മേഖലയിലെ അവരുടെ പ്രവർത്തനങ്ങളുടെ സ്വഭാവം, എത്ര കാലമായി ഈ കുറ്റകൃത്യം ചെയ്തു വരുന്നു,, മദ്യ നിർമ്മാണത്തിനുള്ള വസ്തുക്കൾ എങ്ങനെ ലഭിച്ചു എന്നിങ്ങനെയുള്ള വിവരങ്ങൾ അന്വേഷണ സംഘം ഇവരിൽ നിന്ന് ശേഖരിച്ചു. മദ്യവിൽപ്പന സംബന്ധിച്ച് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ ഇവരുടെ താവളത്തിൽ പരിശോധന നടത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)