
കാൽവിരലുകൾക്കിടയിൽ കുഞ്ഞൻ ഒളിക്ക്യാമറ; സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി അശ്ലീല വിഡിയോകൾ നിർമ്മിച്ചു, പൈലറ്റ് അറസ്റ്റിൽ
കാൽവിരലുകൾക്കിടയിൽ ഒളിക്ക്യാമറ ഘടിപ്പിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയപൈലറ്റ് അറസ്റ്റിൽ. സ്വകാര്യ വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശിയായ മോഹിത് പ്രിയദർശിയെ (31) ആണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ സ്വകാര്യ വീഡിയോകൾ പകർത്തി അശ്ലീല വിഡിയോകൾ നിർമ്മിക്കുകയാണ് ഇയാളുടെ രീതി. പോലീസ് പിടികൂടിയ ഇയാളുടെ ഫോണിൽ നിന്നും 74 വിഡിയോകൾ കണ്ടെത്തി. സിഗരറ്റ് ലൈറ്ററിന്റെ ആകൃതിയിലുള്ള ഒരു ചെറിയ ഒളിക്ക്യമാറയും ഇയാളിൽനിന്നു കണ്ടെടുത്തു. കോൾ സെന്ററിൽ ജോലി ചെയ്യുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മാർക്കറ്റിലൂടെ പോകുമ്പോൾ ഒരാൾ തീരെ വലുപ്പം കുറഞ്ഞ രഹസ്യ ക്യാമറ ഉപയോഗിച്ച് തന്റെ ദൃശ്യങ്ങൾ പകർത്തുന്നതു ശ്രദ്ധയിൽപ്പെട്ടെന്നാണു യുവതി പരാതിയിൽ പറഞ്ഞത്. തുടർന്നാണ് കിഷൻഗഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഹിതിനെ തിരിച്ചറിഞ്ഞത്.
കാൽവിരലുകൾക്കിടയിൽ ക്യാമറ ഘടിപ്പിച്ച ശേഷം തിരക്കേറിയ പ്രദേശങ്ങളിൽ എത്തിയാണ് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ മോഹിത് പറഞ്ഞു. 2023 ഡിസംബർ മുതൽ ഇയാൾ ഇതു ചെയ്തിരുന്നതായും സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തിരുന്നതെന്നും ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Comments (0)