
ശരീരത്തിൽ ഒളിപ്പിച്ച നിലയിലും ഗുളികകൾ, കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം: പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത്: കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ ബെയ്റൂട്ട്, കെയ്‌റോ വിമാനത്താവളങ്ങളിൽ വെച്ച് തകർത്തു. വെള്ളിയാഴ്ച നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി തുർക്കി, ഈജിപ്ഷ്യൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.
ബെയ്റൂട്ടിൽ തുർക്കി പൗരന്മാർ പിടിയിൽ
ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലെ റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പോകാൻ ശ്രമിച്ച നാല് തുർക്കി പൗരന്മാരെയാണ് അറസ്റ്റ് ചെയ്തത്. വിമാനത്താവള സുരക്ഷാ സേന നടത്തിയ പരിശോധനയിൽ, അവരുടെ ശരീരത്തിൽ ബെൽറ്റുകളായി കെട്ടിവെച്ച നിലയിൽ ഏകദേശം 20 കിലോഗ്രാം കാപ്റ്റഗൺ മയക്കുമരുന്ന് കണ്ടെത്തി. ലെബനൻ ആഭ്യന്തര മന്ത്രി അഹമ്മദ് ഹജ്ജാർ ഈ നീക്കത്തെ പ്രശംസിച്ചു. ലെബനൻ വഴി നടക്കുന്ന എല്ലാ മയക്കുമരുന്ന് കടത്തലുകൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കെയ്‌റോയിൽ ഈജിപ്ഷ്യൻ ദമ്പതികൾ അറസ്റ്റിൽ
അതേ ദിവസം തന്നെ കെയ്‌റോ വിമാനത്താവളത്തിൽ വെച്ച് ഒരു ഈജിപ്ഷ്യൻ യുവാവും അയാളുടെ സഹോദരന്റെ ഭാര്യയും ഏകദേശം രണ്ട് കിലോഗ്രാം കാപ്റ്റഗൺ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് പിടിയിലായി. കുവൈത്തിൽ റെസ്റ്റോറന്റ് നടത്തുന്ന യുവാവിൻ്റെ സഹോദരന്റെ ഭാര്യയാണ് ഇവർ. അവരുടെ ബാഗുകൾ പരിശോധിച്ചപ്പോൾ സോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തി. കൂടാതെ, സ്ത്രീയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലും ഗുളികകൾ കണ്ടെടുക്കുകയുണ്ടായി.
കുറ്റം സമ്മതിച്ച ഇവരെ ചോദ്യം ചെയ്ത ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അന്വേഷണം പൂർത്തിയാകുന്നത് വരെ ഇവരെ നാല് ദിവസത്തേക്ക് തടങ്കലിൽ വെക്കാൻ തീരുമാനിച്ചു. മയക്കുമരുന്ന് കൈപ്പറ്റാനായി കുവൈത്തിൽ കാത്തുനിൽക്കുകയായിരുന്ന ഇവരുടെ ഭർത്താവിനെ അറസ്റ്റ് ചെയ്യാനും അന്വേഷണ സംഘം ആവശ്യപ്പെട്ടു. പിടിച്ചെടുത്ത മയക്കുമരുന്ന് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)