കുവൈത്തിൽ മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർശന പരിശോധന തുടരുന്നതിനിടെ, രണ്ട് വാഹനങ്ങളിലായി കടത്താൻ ശ്രമിച്ച 156 കുപ്പി മദ്യം പോലീസ് പിടിച്ചെടുത്തു. ജലീബ് അൽ ഷുയൂഖിൽ വെച്ച് നടത്തിയ പരിശോധനയിലാണ് പ്രാദേശികമായി നിർമ്മിച്ചതും അല്ലാത്തതുമായ മദ്യം പിടികൂടിയത്. പോലീസിനെ കണ്ടയുടൻ പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനങ്ങളും മദ്യക്കുപ്പികളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുവൈത്തിനെ ഞെട്ടിച്ച വിഷമദ്യ ദുരന്തത്തിൽ 23 പേർ മരിക്കുകയും 160 പേർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിൽ 40 ഇന്ത്യക്കാരും ആറ് മലയാളികളും ഉൾപ്പെടുന്നു. 20 പേർക്ക് കാഴ്ച നഷ്ടപ്പെടുകയും 51 പേർക്ക് വൃക്ക തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് ആവശ്യമായി വരികയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 71 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിഷമദ്യ ദുരന്തത്തിന് ശേഷം രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയിൽ, റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 400-ൽ അധികം പ്രവാസികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചികിത്സയിലുള്ളവരെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്തുമെന്ന് കുവൈത്ത് നേരത്തെ അറിയിച്ചിരുന്നു. സമ്പൂർണ്ണ മദ്യനിരോധനമുള്ള രാജ്യത്ത് നടന്ന ഈ വിഷമദ്യ ദുരന്തം കുവൈത്തിന്റെ പ്രതിച്ഛായക്ക് വലിയ കോട്ടം വരുത്തിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t