Posted By Editor Editor Posted On

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! ക്ലിക്ക് ചെയ്യാതെയും വിവരങ്ങൾ ചോർന്നേക്കാം; അടിയന്തിര മുന്നറിയിപ്പുമായി ഗൂഗിൾ

ലോകമെമ്പാടുമുള്ള 1.8 ബില്യൺ ജിമെയിൽ ഉപയോക്താക്കൾക്ക് പുതിയ സൈബർ സുരക്ഷാ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഗൂഗിൾ. ഇൻഡൈറക്‌ട് പ്രോംപ്റ്റ് ഇഞ്ചക്ഷൻസ് എന്ന പുതിയ തരം ആക്രമണം വ്യക്തികളെയും സ്ഥാപനങ്ങളെയും ഒരുപോലെ അപകടത്തിലാക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി. ജനറേറ്റീവ് എ.ഐ.യുടെ അതിവേഗ വളർച്ചയോടൊപ്പം പുതിയ സൈബർ ഭീഷണികളും ഉയർന്നുവരുന്നുണ്ടെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. സാധാരണയായി നേരിട്ടുള്ള പ്രോംപ്റ്റ് ഇഞ്ചക്ഷനുകളിൽ, ഹാക്കർമാർക്ക് ഒരു പ്രോംപ്റ്റിലേക്ക് മാൽവെയർ കമാൻഡുകൾ നേരിട്ട് നൽകാമായിരുന്നു.

എന്നാൽ പുതിയ ആക്രമണത്തിൽ, ബാഹ്യ ഡാറ്റാ സ്രോതസ്സുകളിൽ മറഞ്ഞിരിക്കുന്ന അപകടകരമായ നിർദ്ദേശങ്ങളാണ് ഉപയോഗിക്കുന്നത്. ഇമെയിലുകൾ, ഡോക്യുമെന്റുകൾ, കലണ്ടർ ക്ഷണങ്ങൾ എന്നിവയിലൂടെ പോലും ഉപയോക്തൃ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർ ശ്രമിച്ചേക്കാം. ഈ ആക്രമണരീതി കൂടുതൽ വ്യാപിക്കാനും അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകി.
ഗൂഗിളിന്റെ സ്വന്തം എ.ഐ. ടൂളായ ജെമിനി പോലും ഹാക്കർമാർ തട്ടിപ്പുകൾക്കായി ഉപയോഗിച്ചുതുടങ്ങിയതായി ടെക് വിദഗ്ധൻ സ്കോട്ട് പോൾഡർമാൻ ദി ഡെയ്‌ലി റെക്കോർഡിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഉപയോക്താവിന്റെ പാസ്‌വേഡുകൾ ചോർത്താനായി, ഹാക്കർമാർ മറഞ്ഞിരിക്കുന്ന ഒരു സന്ദേശമടങ്ങിയ ഇമെയിൽ അയയ്ക്കും. ഇത് ഉപയോക്താവ് അറിയാതെ തന്നെ അവരുടെ ലോഗിൻ, പാസ്‌വേഡ് വിവരങ്ങൾ വെളിപ്പെടുത്താൻ ജെമിനിയെ പ്രേരിപ്പിക്കും. ഈ ആക്രമണത്തിന്റെ ഏറ്റവും അപകടകരമായ വശം, വിവരങ്ങൾ ചോരാൻ ഒരു ലിങ്കിലും ക്ലിക്ക് ചെയ്യേണ്ടതില്ല എന്നതാണ്. പുതിയ ഭീഷണികളെ നേരിടാൻ ഗൂഗിൾ ഇപ്പോൾ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതായി അറിയിച്ചു.

ലെയേർഡ് സുരക്ഷാ സംവിധാനമാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്. ജെമിനി 2.5 മോഡൽ ഹാർഡനിങ്, മാൽവെയർ നിർദ്ദേശങ്ങൾ കണ്ടെത്തുന്നതിനായി നിർമ്മിച്ച മെഷീൻ ലേണിംഗ് മോഡലുകൾ എന്നിവ ഉൾപ്പെടെയുള്ള ശക്തമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഗൂഗിൾ ബ്ലോഗിൽ വ്യക്തമാക്കി. പുതിയ വെല്ലുവിളികളെ നേരിടാൻ ഉപയോക്താക്കളും ശ്രദ്ധിക്കണമെന്ന് ഗൂഗിൾ ഓർമ്മിപ്പിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *