
കുവൈറ്റ് പൗരത്വം വ്യാജമായി നിർമ്മിച്ചു: ഒരു സിറിയക്കാരനും പിതാവിനും സഹായിച്ച പൗരനും ഏഴ് വർഷം തടവ്
കുവൈത്ത് സിറ്റി: വ്യാജമായി കുവൈറ്റ് പൗരത്വം ഉണ്ടാക്കിയ കേസിൽ ഒരു സിറിയൻ പൗരനും, ഇയാളുടെ പിതാവിനും, ഇതിന് സഹായിച്ച ഒരു കുവൈറ്റ് പൗരനും ക്രിമിനൽ കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. കൂടാതെ, വ്യാജ പൗരത്വം ഉപയോഗിച്ച് കുവൈറ്റ് എയർവേസിൽ നിന്ന് അർഹതയില്ലാത്ത ശമ്പളം കൈപ്പറ്റിയ സിറിയൻ പൗരനിൽ നിന്ന് 58,000 ദിനാർ പിഴയായി ഈടാക്കാനും കോടതി ഉത്തരവിട്ടു.
ദേശീയതാ അന്വേഷണ വകുപ്പ് നടത്തിയ അന്വേഷണമാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഒന്നാം പ്രതി (സിറിയൻ പൗരൻ) അറസ്റ്റിലായതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെട്ടത്. 2002-ൽ തനിക്ക് 11 വയസ്സുള്ളപ്പോൾ, പിതാവും (രണ്ടാം പ്രതി) ഒരു കുവൈറ്റ് പൗരനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും, ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പിതാവ് തൻ്റെ യഥാർത്ഥ പേരും ജനനത്തീയതിയും മാറ്റിയതിനെക്കുറിച്ചും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
പുതിയ രേഖകൾ ലഭിച്ച ശേഷം പ്രാഥമിക വിദ്യാഭ്യാസം മുതൽ പഠനം വീണ്ടും തുടങ്ങാൻ പിതാവ് നിർദ്ദേശിച്ചു. എന്നാൽ, 2015-ൽ ഇയാളുടെ സഹോദരൻമാർ വ്യാജ പൗരത്വം നേടിയതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തുകയും, തുടർന്ന് ഇവർ മറ്റൊരു ഗൾഫ് രാജ്യത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. അവിടെ നിന്ന് തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിലും താമസിച്ചു. സഹോദരങ്ങൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ ലഭിച്ചതിനെത്തുടർന്ന് ശിക്ഷ അനുഭവിക്കാൻ അവർ കുവൈത്തിലേക്ക് മടങ്ങിയെത്തി. ഇവർ തിരിച്ചെത്തിയ ശേഷം ഇയാളും രഹസ്യമായി കുവൈത്തിലേക്ക് തിരികെയെത്തുകയായിരുന്നു.
സിറിയയിൽ നിന്ന് കുവൈറ്റിലേക്ക് വ്യക്തിത്വം മാറ്റുന്നതിനായി പിതാവ് 15,000 ദിനാർ കൈക്കൂലി നൽകിയതായി ഒന്നാം പ്രതി സമ്മതിച്ചു. കുവൈറ്റിന് പുറത്തുനിന്നുള്ള വ്യാജ ജനന സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് കുവൈറ്റ് പൗരൻ സിറിയക്കാരിയെ തൻ്റെ മകളായി ഔദ്യോഗിക രേഖകളിൽ ചേർത്തതെന്നും അന്വേഷണത്തിൽ വ്യക്തമായി.
വ്യാജ സിറിയൻ പൗരൻ്റെയും ഇയാളുടെ കുവൈറ്റ് ഐഡിയിലെയും ചിത്രങ്ങൾ ഒരേ വ്യക്തിയുടേതാണെന്ന് സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ രേഖകൾ പരിശോധിച്ചപ്പോൾ തെളിഞ്ഞു, ഇതോടെ പ്രതികൾ കുറ്റം ചെയ്തെന്ന് ഉറപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും നിയമവ്യവസ്ഥയ്ക്കും വെല്ലുവിളിയായ ഇത്തരം തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)