
തട്ടിക്കൊണ്ടുപോയ യുവ പ്രവാസി വ്യവസായിയെ കണ്ടെത്തി; ഷമീറിനെ കണ്ടെത്തിയത് കൊല്ലത്തുനിന്ന്
യുവ പ്രവാസി വ്യവസായിയായ വി.പി. ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെയും ഷമീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ പാണ്ടിക്കാടുള്ള വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഷമീറിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കൊല്ലം ജില്ലയിലെ അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഷമീറിനെയും നാല് പ്രതികളെയും കണ്ടെത്തിയത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8 മണിക്ക്, വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ഷമീറിനെ ഒരു കാറിലെത്തിയ സംഘം ഇടിച്ചുതെറിപ്പിച്ച് ബലമായി തട്ടിക്കൊണ്ടുപോയത്. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തട്ടിക്കൊണ്ടുപോയവർ ഷമീറിനെ വിട്ടയക്കുന്നതിനായി ഒന്നരക്കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി ഷമീറിന്റെ കുടുംബം പോലീസിന് മൊഴി നൽകിയിരുന്നു.
പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഷമീറിന്റെ വീട്ടിലെത്തി ഭാര്യയുടെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഷമീറിന്റെ മുൻ ബിസിനസ് പങ്കാളികളുമായിട്ടുള്ള സാമ്പത്തിക ഇടപാടുകളും അതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളുമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് കരുതുന്നു. ദുബായിൽ ഫാർമസി ബിസിനസ് നടത്തുകയാണ് ഷമീർ. ഷമീർ ഓഗസ്റ്റ് 4-നാണ് നാട്ടിലെത്തിയത്. ഓഗസ്റ്റ് 18-ന് തിരിച്ചുപോകാൻ ഇരിക്കുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)