
കുവൈത്ത് വ്യാജമദ്യദുരന്തത്തിൽ 13 മരണം; 63 പേർ ചികിത്സയിൽ, മരിച്ചവരിൽ 6 മലയാളികളെന്ന് സംശയം, ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ച് എംബസി
കുവൈറ്റിൽ പ്രാദേശികമായി നിർമ്മിച്ച വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെഥനോൾ കലർന്ന ഈ പാനീയം കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 63 പേരിൽ 13 പേരാണ് മരിച്ചത്. മരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. 31 പേർക്ക് സിപിആർ (CPR) നൽകി. 51 പേരെ അടിയന്തര ഡയാലിസിസിന് വിധേയരാക്കി. 21 പേർക്ക് സ്ഥിരമായോ താൽക്കാലികമായോ കാഴ്ച നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പുകളും തമ്മിൽ ഏകോപനം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച ഫർവാനിയ, അദാൻ ആശുപത്രികളിൽ നിരവധി പ്രവാസികളെ വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് പ്രവേശിപ്പിച്ചിരുന്നു. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇതുവരെ മരിച്ചവരുടെ കൂടുതൽ വിവരങ്ങളോ രാജ്യമോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം മരിച്ചവരിൽ 6 മലയാളികളും 2 വീതം പേർ ആന്ധ്ര, തമിഴ് നാട് സ്വദേശികളും ഒരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.
വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചിട്ടുണ്ട്. മരണ മടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് എംബസിയുമായി +965-65501587 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു. സംഭവം എംബസിയുടെ ശ്രദ്ധയിൽപ്പെട്ടയുടനെ, ഇന്ത്യൻ സ്ഥാനപതിയും ഉദ്യോഗസ്ഥരും ബന്ധപ്പെട്ട സർക്കാർ ആശുപത്രികൾ സന്ദർശിച്ച് ഇന്ത്യൻ രോഗികളുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ശരിയായ ചികിത്സയ്ക്കായി ആരോഗ്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും എംബസി വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)