
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! കുവൈത്തിൽ അനുമതിയില്ലാതെ ചിത്രങ്ങളും വിഡിയോകളും എടുത്താൽ എട്ടിന്റെ പണി; കിട്ടും കനത്ത ശിക്ഷ
കുവൈത്തിൽ മുൻകൂർ അനുമതിയില്ലാതെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നത് ശിക്ഷാർഹമാണെന്ന് നിയമവിദഗ്ദ്ധർ വീണ്ടും മുന്നറിയിപ്പ് നൽകി. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങൾ അനുസരിച്ച്, ചിത്രീകരണത്തിന് മുൻകൂട്ടി അനുമതി തേടണം.
നിയമത്തിലെ പ്രധാന കാര്യങ്ങൾ:
പൊതു, സ്വകാര്യ ഇടങ്ങളിൽ: വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നതും അവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും കുറ്റകരമാണ്. സ്വകാര്യ താമസസ്ഥലങ്ങളിൽ വെച്ചുള്ള ചിത്രീകരണങ്ങൾക്കും ഇത് ബാധകമാണ്.
കുറ്റകൃത്യങ്ങൾ ചിത്രീകരിക്കുമ്പോൾ: ഒരു കുറ്റകൃത്യത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ എടുത്താൽ അത് ഉടൻ തന്നെ അധികൃതരെ അറിയിക്കണം. അവ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്നാൽ, ക്രിമിനൽ കേസുകളിലും കോടതി നടപടികളിലും ഇത്തരം ദൃശ്യങ്ങൾ ചിലപ്പോൾ തെളിവായി സ്വീകരിക്കാറുണ്ട്.
പ്രധാനപ്പെട്ട സ്ഥലങ്ങൾ: സർക്കാർ കെട്ടിടങ്ങൾ, സൈനിക മേഖലകൾ, എണ്ണക്കമ്പനികൾ, ആശുപത്രികൾ തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങൾ അനുമതിയില്ലാതെ ചിത്രീകരിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇതിന് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെയോ ആഭ്യന്തര മന്ത്രാലയത്തിന്റെയോ പ്രത്യേക അനുമതി ആവശ്യമാണ്.
കണ്ടന്റ് ക്രിയേറ്റർമാർക്ക്: കണ്ടന്റ് ക്രിയേറ്റർമാർ, മാധ്യമപ്രവർത്തകർ, സിനിമാ പ്രവർത്തകർ എന്നിവരുൾപ്പെടെ എല്ലാവരും ചിത്രീകരണത്തിനായി നിർബന്ധമായും ലൈസൻസ് എടുക്കണം.
അനുമതിയില്ലാത്ത ചിത്രീകരണത്തിന് പിഴ ചുമത്തുക, ഉപകരണങ്ങൾ കണ്ടുകെട്ടുക, നിയമനടപടികൾ നേരിടുക തുടങ്ങിയ കനത്ത ശിക്ഷകൾ ലഭിക്കാമെന്നും നിയമവിദഗ്ദ്ധർ ഓർമിപ്പിക്കുന്നു. ദേശീയ സുരക്ഷയ്ക്കും വ്യക്തികളുടെ സ്വകാര്യ അവകാശങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടാണ് ഈ നിയമങ്ങൾ നടപ്പാക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)