
ഗൾഫിലേക്ക് അയക്കാനുള്ള അച്ചാറിൽ എംഡിഎംഎ; വിമാനം കയറുന്നതിന് മുൻപ് പിടിച്ചു, മൂന്നുപേർ അറസ്റ്റിൽ
ഗൾഫിലെ സുഹൃത്തിന് നൽകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന് കണ്ടെത്തി. വിമാനത്തിൽ കയറുന്നതിന് മുൻപ് ലഹരിമരുന്ന് പിടികൂടിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ കുളംബസാറിൽ കെ.പി. അർഷാദ് (31), കെ.കെ. ശ്രീലാൽ (24), പി. ജിസിൻ (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിനൊപ്പം സൗദിയിൽ ജോലി ചെയ്യുന്ന വഹീൻ എന്നയാൾക്ക് കൊടുക്കാനായി ചിപ്സ്, മസാലക്കടല, അച്ചാർ എന്നിവ പാക്കറ്റിലാക്കി ബുധനാഴ്ച രാത്രി ജിസിൻ ഏൽപ്പിച്ചു. സുഹൃത്ത് ശ്രീലാൽ ജിസിന്റെ കയ്യിൽ ഏൽപ്പിച്ച പാക്കറ്റ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വഹീം നിരന്തരം ഫോൺ വിളിച്ചതും, അച്ചാർ കുപ്പിക്ക് സീൽ ഇല്ലാത്തതുമാണ് മിഥിലാജിന്റെ പിതാവ് ടി. അഹമ്മദിന് സംശയം തോന്നാൻ കാരണം.
തുടർന്ന് അഹമ്മദിന്റെ നിർദ്ദേശപ്രകാരം അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കിയ വസ്തുക്കൾ കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാർ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ 3.40 ഗ്രാം ഹാഷിഷ് ഓയിൽ, 0.260 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെത്തി.
കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. സിഐ എം.പി. ഷാജിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പാക്കറ്റിൽ കണ്ടെത്തിയ ലഹരിമരുന്ന് സൗദിയിൽ നിന്നാണ് പിടികൂടിയിരുന്നതെങ്കിൽ തന്റെ മകൻ ഒരുപക്ഷേ പുറംലോകം കാണില്ലായിരുന്നുവെന്ന് മിഥിലാജിന്റെ പിതാവ് ടി. അഹമ്മദ് പറഞ്ഞു. നിരന്തരമുള്ള ഫോൺ വിളികളിൽ തോന്നിയ സംശയമാണ് ലഹരിമരുന്ന് കണ്ടെത്താൻ സഹായകമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)