Posted By Editor Editor Posted On

ആകാശത്ത് അപ്രതീക്ഷിത കുലുക്കം: വിമാനം അടിയന്തരമായി നിലത്തിറക്കി, 25 യാത്രക്കാർക്ക് പരിക്ക്

സാൾട്ട് ലേക്ക് സിറ്റിയിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിൽ കനത്ത ടർബുലൻസ് ഉണ്ടായതിനെ തുടർന്ന് 25 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെൽറ്റ ഫ്ലൈറ്റ് ഡിഎൽ 56, മിനിയാപൊളിസ്-സെന്റ് പോൾ ഇന്റർനാഷണൽ എയർപോർട്ടിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. 275 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

പറന്നുയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് എയർബസ് A330-900 വിഭാഗത്തിൽപ്പെട്ട വിമാനത്തിന് ശക്തമായ ടർബുലൻസ് അനുഭവപ്പെട്ടത്. പെട്ടെന്നുണ്ടായ കുലുക്കത്തിൽ വിമാനത്തിനുള്ളിൽ പലരും സീറ്റിൽ നിന്ന് തെറിച്ച് വീഴുകയും സാധനങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു. ചില യാത്രക്കാർക്ക് തലകറക്കവും ഛർദ്ദിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.

വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ സുരക്ഷിതമായി ഇറക്കിയ ഉടൻ തന്നെ മെഡിക്കൽ സംഘം വിമാനത്തിനടുത്തെത്തി യാത്രക്കാർക്ക് പ്രാഥമിക ചികിത്സ നൽകി. പരുക്കേറ്റവരെ ഉടൻ തന്നെ മിനിയാപൊളിസിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരുക്കുകളുടെ സ്വഭാവം സംബന്ധിച്ച് ഡെൽറ്റ അധികൃതർ വിശദമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ ഏറ്റവും വലിയ മുൻഗണനയെന്ന് ഡെൽറ്റ എയർലൈൻസ് അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. അടുത്ത കാലത്തായി വിമാനങ്ങളിൽ ടർബുലൻസ് മൂലമുണ്ടാകുന്ന അപകടങ്ങൾ വർധിച്ചുവരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് ഈ സംഭവം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *