
വിദഗ്ധ ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ, കിടക്കകൾ കൂട്ടി; കുവൈത്ത് ആശുപത്രികൾ വികസന പാതയിൽ
കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പ്രധാന ആശുപത്രികൾ വികസിപ്പിക്കാനും കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സബാഹ് മെഡിക്കൽ സോണിൽ രാജ്യാന്തര നിലവാരമുള്ള ഒരു പുതിയ പ്രസവ ആശുപത്രി പ്രവർത്തനം ആരംഭിച്ചു. സ്ത്രീകളുടെ ആരോഗ്യത്തിനും നവജാത ശിശുക്കളുടെ സംരക്ഷണത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ ആശുപത്രിയിൽ ലഭ്യമാണ്.
പുതിയ പ്രസവ ആശുപത്രിക്ക് പുറമെ, അൽ സബാഹ് ആശുപത്രിയുടെ നിർമാണവും ഇവിടെ പുരോഗമിക്കുകയാണ്. 88,710 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്. സാംക്രമിക രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള പ്രത്യേക ആശുപത്രിയുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്.
കുവൈത്ത് കാൻസർ കൺട്രോൾ സെന്റർ: 3.03 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഈ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കും ഒപിക്കും രണ്ട് ടവറുകൾ ഉണ്ടാകും. മൊത്തം 618 കിടക്കകൾ ഇവിടെ ലഭ്യമാകും. അൽ അദാൻ ആശുപത്രി: 7 കെട്ടിടങ്ങൾ ഉൾപ്പെടുന്ന ഈ ആശുപത്രിയുടെ നിർമാണവും പുരോഗമിക്കുകയാണ്. ഈ കെട്ടിടങ്ങളെല്ലാം തുരങ്ക പാതവഴി ബന്ധിപ്പിക്കും. 637 കിടക്കകളും 471 മൊബൈൽ കിടക്കകളും ഈ ആശുപത്രിയിലുണ്ടാകും. ആഗോളതലത്തിലെ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി രാജ്യത്തെ ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)