
പ്രവാസികൾക്ക് തിരിച്ചടി; സർക്കാർ കരാറുകളിലെ സ്വദേശിവൽക്കരണം കടുപ്പിക്കാൻ കുവൈത്ത്
സർക്കാർ കരാറുകളിലെ തസ്തികകൾ കുവൈത്തികൾക്ക് മാത്രമായി മാറ്റിവയ്ക്കുന്ന പദ്ധതി (കുവൈത്തിവത്കരണം) തുടരുമെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയാ ഡിപ്പാർട്ട്‌മെൻറ് ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് അൽ മുസൈനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ വൈദ്യുതി, ജലം, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ മന്ത്രാലയങ്ങളുമായും മറ്റ് പൊതു സ്ഥാപനങ്ങളുമായും അതോറിറ്റി സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയവുമായുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായെന്നും പൊതുമരാമത്ത് മന്ത്രാലയവുമായി ബോധവൽക്കരണ പരിപാടികളും അഭിമുഖങ്ങളും ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. തൊഴിൽ അപേക്ഷകൾ തരംതിരിച്ചുകൊണ്ടിരിക്കുകയാണെന്നും, തൊഴിൽ കമ്പോളത്തിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുള്ള ദേശീയ തന്ത്രത്തിനനുസരിച്ചാണ് അതോറിറ്റി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജോലികളെ മാത്രം ആശ്രയിക്കാതെ, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കാൻ കുവൈത്തി യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ കരാറുകളിലെ കുവൈത്തിവത്കരണ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അൽ മുസൈനി വിശദീകരിച്ചു. ദേശീയ തൊഴിൽ ക്വാട്ടകൾ തൊഴിൽ അതോറിറ്റി കമ്പനികളിൽ നടപ്പിലാക്കുന്നുണ്ടെന്നും ബാങ്കുകളുടെ യൂണിയൻ, ബാങ്കുകൾ, ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ എന്നിവയുമായി സഹകരിച്ച് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)