
യുഎഇയിൽ അതുല്യ ആത്മഹത്യചെയ്തത് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെ: ഭർത്താവിനെതിരായ തെളിവുകളെല്ലാം സഹോദരിക്ക് അയച്ചു
ഷാർജ റോളയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ്(30) ഭർത്താവിൽ നിന്നേറ്റത് ക്രൂര പീഡനം. അതുല്യ മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷിൽ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. മദ്യപിച്ച് മദോന്മത്തനായി ഭാര്യയോട് പല ക്രൂരതകളും കാണിക്കുന്ന സതീഷിനെ ഈ വിഡിയോയിൽ കാണാം. കൂടാതെ, അതുല്യയുടെ ശരീരത്തിൽ പലഭാഗത്തും സതീഷിൽ നിന്നേറ്റ പീഡനത്തിന്റെ തെളിവുകളുമുണ്ട്.വെള്ളി(18) രാത്രിയാണ് അതുല്യയെ റോള പാർക്കിനടുത്തെ കെട്ടിടത്തിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ അരോമ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കൾസ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപനാണെന്നും കുടിച്ചുകഴിഞ്ഞാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതിന് തെളിവായാണ് ഫോട്ടോകളും വിഡിയകളും ഇവർ സൂക്ഷിക്കുന്നത്.
മാസങ്ങളായി തുടരുന്ന ഇത്തരം മാനസികവും ശാരീരികവുമായ പീഡനങ്ങളും സഹിക്കവയ്യാതെ അതുല്യ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിന്മേൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നതിന് മുൻപേ ഈ യുവതി ജീവിതത്തോട് വിടപറഞ്ഞു. വർഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം.
ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ താമസിച്ച് നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്. നേരത്തെ മകളെ ഷാർജയിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ താമസിച്ച് പഠിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ചതിനാൽ തിരിക നാട്ടിലേക്ക് അയക്കുകയായിരുന്നു. ഏകസഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്ലാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. അഖിലയോട് അതുല്യ ഭർത്താവിന്റെ പീഡന കഥകൾ പതിവായി പറയാറുണ്ടായിരുന്നു. കൂടാതെ തെളിവായി എല്ലാ ഫോട്ടോകളും അയച്ചുകൊടുക്കുകയായിരുന്നു. അതുല്യയുടെ മരണം സംബന്ധിച്ച് അഖിലയുടെ ഭർത്താവ് ഗോകുൽ സഹായത്തിനായി ഷാർജ ഇന്ത്യൻ അസോസിയേഷനെ സമീപിച്ചിട്ടുണ്ട്. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
ബിരുദധാരിയായ അതുല്യ ജോലി ചെയ്യാൻ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും സതീഷ് സമ്മതിച്ചിരുന്നില്ല. ഒടുവിൽ മുവൈലയിലെ സഫാരി മാളിലെ സ്ഥാപനത്തിൽ അതുല്യക്ക് ജോലി ശരിയായിരുന്നു. ഇന്ന്(20) ജോലിയിൽ പ്രവേശിക്കേണ്ടതുമായിരുന്നു. ജോലി ചെയ്യണമെന്ന ആശ പൂർത്തീകരിക്കും വിധം അതുല്യ ജീവനൊടുക്കിയത് തീർത്തും പിടിച്ചു നിൽക്കാനാകാത്തതുകൊണ്ടായിരിക്കുമെന്നാണ് കൂട്ടുകാരികളും ബന്ധുക്കളും പറയുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)