തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഇന്ന് ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുവൈത്തിലുള്ള അമ്മയെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇവരെ നാട്ടിലേക്ക് എത്തിക്കാൻ എംബസിയുടെ സഹായം അഭ്യർത്ഥിച്ച് കൊണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ ആദർശ് സ്വൈക്യക്ക് കത്തയച്ചു. എത്രയും വേഗം മിഥുന്‌റെ അമ്മയെ നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. എറെ വൈകിയാണ് മരണവിവരം അമ്മയെ അറിയിക്കാൻ സാധിച്ചത്. കുവൈത്തിൽ വീട്ടുജോലിക്കായി പോയതാണ് മിഥുന്‌റെ അമ്മ. മകന്‌റെ മരണ വിവരം അറിയിക്കാൻ പല തവണ ഫോണിൽ വിളിച്ചിട്ടും സുജയെ ഫോണിൽ ലഭിച്ചിരുന്നില്ല. സുജ വീട്ടുജോലിക്കായി പോയ കുടുംബം തുർക്കിയിൽ വിനോദയാത്രയ്ക്കായി പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് സുജയും ഉണ്ടായിരുന്നത്.ഉടൻ തന്നെ സുജയെ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മിഥുന്‌റെ കുടുംബം. നാല് മാസം മുൻപാണ് സുജ കുവൈത്തിലേക്ക് പോയത്. ഇന്ന് രാവിലെ സ്‌കൂളിൽ കളിക്കുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. സ്‌കൂൾ അധികൃതർക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t