കുവൈത്തിൽ കൊടും ചൂട് തുടരുന്നു, ഇന്നലെ അൽ റാബിയയിൽ 51 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജഹ്റ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ മറ്റു സ്ഥലങ്ങളിലും 50 ഡിഗ്രി വരെ താപനില ഉയർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്ന മൺസൂൺ ന്യൂനമർദ്ദം കുവൈത്തിലേക്കുള്ള ചൂട് കാറ്റിന് കാരണമാകുന്നതായി കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി. ഇതിന്റെ ഫലമായി ശക്തമായ വരണ്ട കാറ്റുകൾക്കും വടക്ക് – പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ഒറ്റപ്പെട്ട കാറ്റിനും സാധ്യത ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തീരപ്രദേശങ്ങളിൽ കാറ്റിന്റെ ദിശയിൽ നേരിയ മാറ്റം അനുഭവപ്പെടാനുമാണ് സാധ്യത.
വരും ദിവസങ്ങളിൽ അതീവ ചൂട് അനുഭവപ്പെടും. രാത്രികളിലും ചൂടുള്ള കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ ഈർപ്പനിലയിൽ വേഗത്തിൽ വർധനവുണ്ടാകുമെങ്കിലും, വെള്ളിയാഴ്ചയ്ക്ക് ശേഷം ഈർപ്പം കുറയാമെന്നാണ് അനുമാനം. ചില പ്രദേശങ്ങളിൽ ശനിയാഴ്ചവരെ പരമാവധി താപനില 50° മുതൽ 52° ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t