തേനീച്ചകൾ കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. തിങ്കളാഴ്ച പുലർച്ചെ 4.20 ന് പറന്നുയരേണ്ടിയിരുന്ന സൂറത്ത് – ജയ്പൂർ ഇൻഡിഗോ വിമാനമാണ് വൈകിയത്. എല്ലാ യാത്രക്കാരും ലഗേജുകളും വിമാനത്തിൽ കയറുകയും പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി തേനീച്ചക്കൂട്ടം വിമാനത്തിനുള്ളിലേക്ക് ഇരച്ചുകയറിയത്. തുറന്നിട്ട ലഗേജ് ഡോറിലൂടെയാണ് തേനീച്ചകൾ അകത്ത് കയറിയത്. തേനീച്ചകൾ ലഗേജ് ഡോറിൽ കൂട്ടമായി വന്ന് നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരാണ് വീഡിയോ എക്‌സിലൂടെ പുറത്തുവിട്ടത്.
എന്തു ചെയ്യണമെന്നറിയാതെ ആദ്യം യാത്രക്കാരും ജീവനക്കാരും അമ്പരന്ന് നിന്നു.പിന്നീട് ഇവയെ ഓടിക്കാനുള്ള ശ്രമമായി. എയർപോർട്ട് ജീവനക്കാർ തേനീച്ചകളെ ഓടിക്കാൻ ആദ്യം പുക ഉപയോഗിച്ച് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഫയർ എൻജിനെ വിളിച്ച് ഡോറിലേക്ക് വെള്ളം പമ്പ് ചെയ്താണ് തേനീച്ചക്കൂട്ടത്തെ വിമാനത്തിൽ നിന്ന് മാറ്റിയത്.
യാത്രക്കാർ ഒരു മണിക്കൂറോളം വിമാനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ഒരു യാത്രക്കാരനോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. “സൂറത്ത്-ജയ്പൂർ വിമാനം 6E-784 തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് വൈകി. ഇത് ഞങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യമാണ്. അതിനാൽ ക്ലിയറൻസിന് ശേഷം വിമാനം പുറപ്പെട്ടു. പ്രോട്ടോക്കോളുകൾ പാലിച്ചു,” ഇങ്ങനെയാണ് ഇൻഡിഗോ വക്താവ് പ്രതികരിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t