അവധിക്കും നാട്ടിലെത്താനാകാതെ പ്രവാസികള്‍. യുഎഇയിൽ സ്കൂൾ അടച്ചതോടെ നാട്ടിലേക്കുള്ള ഒഴുക്ക് ആരംഭിച്ചെങ്കിലും കുതിക്കുന്ന വിമാന നിരക്കില്‍ വലഞ്ഞിരിക്കുകയാണ് പ്രവാസികള്‍. ഇറാൻ – ഇസ്രയേൽ യുദ്ധമാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത്. ഇന്ത്യൻ, വിദേശ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിൽ നാല് മുതൽ 13 ഇരട്ടി വരെ വർധനയുണ്ട്. നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ല. കണക്ഷൻ വിമാനങ്ങളിൽ ഉയര്‍ന്ന നിരക്കാണ്. നാല് മണിക്കൂർ ദൂരമുള്ള യുഎഇ-കേരള സെക്ടറിലേക്ക് കണക്ഷൻ വിമാനത്തിൽ 16 മണിക്കൂർ വരെ നീളുന്ന യാത്രയ്ക്കാണ് ഇത്രയും നിരക്ക് ഈടാക്കുന്നത്. ഇന്നു ദുബായിൽനിന്ന് കൊച്ചിയിലേക്കു ഒരാൾക്ക് വൺവേ ടിക്കറ്റിന് എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഫ്ലൈ ദുബായ്, ഒമാൻ എയർ തുടങ്ങിയ എയർലൈനുകളിൽ 3000 (70,000 രൂപ) മുതൽ 4000 (93,500 രൂപ) ദിർഹം വരെയാണ് നിരക്ക്. ദുബായിൽനിന്ന് മുംബൈ വഴി കൊച്ചിയിലേക്ക് എയർ ഇന്ത്യയിൽ ടിക്കറ്റിന് 6,340 ദിർഹം നൽകണം. എമിറേറ്റ്സിൽ ഒരാൾക്ക് 13,871 ദിർഹമാണ് നിരക്ക്. അബുദാബിയിൽനിന്ന് കൊച്ചിയിലേക്ക് ഇക്കോണമി ക്ലാസിൽ സീറ്റില്ല. അബുദാബിയിൽനിന്ന് കൊളംബോ വഴി കൊച്ചിയിലേക്ക് ബിസിനസ് ക്ലാസിൽ അവശേഷിക്കുന്ന സീറ്റിന് 9320 ദിർഹം നൽകണം. നാലംഗ കുടുംബത്തിന് ഇന്നു നാട്ടിൽ പോയി ഓഗസ്റ്റ് 18ന് തിരിച്ചുവരാൻ 13,200 ദിർഹം (3 ലക്ഷം രൂപ) മുതൽ 15,000 വരെയാണ് ഇന്ത്യയിലെ സ്വകാര്യ എയർലൈനുകളുടെ ശരാശരി നിരക്ക്. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നിവയുടെ ടിക്കറ്റ് നിരക്ക് ഇതിന്റെ ഇരട്ടിയാകും. നിരക്ക് കുറയുന്നുണ്ടോ എന്നറിയാൻ ദിവസം പല തവണ എയർലൈനുകളുടെ വെബ്സൈറ്റുകളിൽ പരിശോധിക്കുന്നതിനാൽ, ഡിമാൻഡ് മനസിലാക്കി വെബ്സൈറ്റുകൾ സ്വയം റേറ്റ് കൂട്ടുന്നുമുണ്ട്. സ്കൂൾ അടയ്ക്കുന്നതിനു അനുസരിച്ച് 6 മാസം മുൻപ് ടിക്കറ്റ് എടുത്തുവച്ചവർക്കു മാത്രമാണ് താരതമ്യേന കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാവുന്നത്. എന്നാൽ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സാധിക്കാത്തവരാണ് ഭൂരിഭാഗം പേരും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx