കുവൈത്ത് സിറ്റി ∙ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. കുറ്റക്കാർക്ക് 14.1 കോടി രൂപ (5 ലക്ഷം ദിനാർ) വരെ പിഴ ചുമത്തും. യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങളുമായും രാജ്യാന്തര മാനദണ്ഡങ്ങളുമായും യോജിക്കുംവിധത്തിലാണ് ദേശീയ നിയമനിർമാണം.അന്തിമ അംഗീകാരത്തിന് കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന് സമർപ്പിക്കും. ആസ്തികൾ മരവിപ്പിക്കുക, സാമ്പത്തിക ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കുക, തീവ്രവാദത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കുക എന്നിവയും നടപടിയിൽ ഉൾപ്പെടും.
കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 10,000 മുതൽ 5 ലക്ഷം ദിനാർ വരെ പിഴ ചുമത്താനാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഫിനാൻഷ്യൽ റെഗുലേറ്ററി അതോറിറ്റികൾ ചുമത്തുന്ന ഉപരോധങ്ങൾക്കൊപ്പം ഈ പിഴകളും ബാധകമാക്കാം. നിയമലംഘകരായ വിദേശികളെ ശിക്ഷയ്ക്കുശേഷം പ്രവേശന നിരോധനം ഏർപ്പെടുത്തി നാടുകടത്തും.