Posted By Editor Editor Posted On

പാസ്പോർട്ടുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങൾ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നമ്മുടെ രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കിൽ പാസ്പോർട്ട് ആവശ്യമാണ്. വിദേശയാത്രക്കുള്ള നിയമപരമായ തിരിച്ചറിയൽ രേഖ കൂടിയാണ് ഇത്. പണ്ടുകാലത്ത് പാസ്പോർട്ട് എടുക്കുക പാടുള്ള കാര്യമായിരുന്നു. എന്നാൽ ഇന്ന് അത്ര വലിയ കാര്യമൊന്നുമല്ല. ഓൺലൈനായി പാസ്പോർട്ടിന് അപേക്ഷിക്കാം. വീട്ടിൽ തന്നെയിരുന്ന് ഇക്കാര്യങ്ങൾ ചെയ്യാം.

പാസ്പോർട്ടിന് അപേക്ഷിക്കാം

പാസ്പോർട്ട് സേവ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക
ആദ്യം പാസ്പോർട്ട് സേവ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പോർട്ടലിൽ ‘ന്യൂ യൂസർ റജിസ്ട്രേഷൻ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. പേര്, ജനനത്തീയതി, ഇ-മെയിൽ ഐഡി എന്നിവ നൽകണം. passportindia.gov.in ഈ വെബ്സൈറ്റിലാണ് രജിസ്റ്റർ ചേയ്യേണ്ടത്. ശേഷം താമസ സ്ഥലത്തിന് അടുത്തുള്ള പാസ്പോർട്ട് ഓഫീസ് തിരഞ്ഞെടുക്കുക. രജിസ്ട്രേഷൻ പൂർത്തിയായതിനു ശേഷം നിങ്ങളുടെ ഇ-മെയിലിലേക്ക് അയയ്ക്കുന്ന ലിങ്ക് ഉപയോഗിച്ച് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക.

ഫോം പൂരിപ്പിക്കുക
ലോഗിൻ ചെയ്തതിനു ശേഷം ‘അപ്ലൈ ഫോർ ഫ്രഷ് പാസ്പോർട്ട് / റി-ഇഷ്യൂ പാസ്പോർട്ട്’ എന്നതിൽ ക്ലിക്ക് ചെയ്യുക. വ്യക്തിപരമായ കാര്യങ്ങൾ, കുടുംബപരമായ കാര്യങ്ങൾ, മേൽവിലാസം സംബന്ധിച്ച വിശദാംശം എന്നിവ നൽകി ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക. സബ്മിറ്റ് ചെയ്യുന്നതിനു മുമ്പ് നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തുക.

അപേക്ഷഫീസ് അടയ്ക്കുക
ഫോം സബ്മിറ്റ് ചെയ്തതിനു ശേഷം ‘പേ & ഷെഡ്യൂൾ പേയ്മെൻ്റ്’ എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പാസ്പോർട്ട് സേവാകേന്ദ്രം അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കുക. ഇന്റർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് പണം അടയ്ക്കുക. പണം അടച്ച് കഴിഞ്ഞാൽ നിങ്ങളുടെ അപ്പോയിന്റ്മെന്റിന് അനുയോജ്യമായ ഒരു തീയതി തിരഞ്ഞെടുക്കാം. അപ്പോയിൻമെന്റ് തീയതി ലഭിച്ചാൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് എടുക്കുക.

പാസ്പോർട്ട് സേവാ കേന്ദ്രത്തിലേക്ക്
അപ്പോയിൻമെന്റ് ലഭിച്ചിരിക്കുന്ന ദിവസം കൃത്യമായി ഉറപ്പു വരുത്തി പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തുക. ആവശ്യമായി ഒറിജിനൽ രേഖകളും സ്വയം അറ്റസ്റ്റ് ചെയ്ത ഫോട്ടോ കോപ്പികളും ഉണ്ടായിരിക്കണം. പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നിങ്ങളുടെ രേഖകൾ പരിശോധിക്കും. ബയോമെട്രിക് രേഖ ശേഖരിക്കും. ഒരു പാസ്പോർട്ട് ഓഫീസർ നിങ്ങളുമായി അഭിമുഖം നടത്തും. മേൽവിലാസം തെളിയിക്കുന്ന രേഖ, ജനനത്തീയതി തെളിയിക്കുന്ന രേഖ തുടങ്ങിയവയാണ് സമർപ്പിക്കേണ്ടത്. ആധാർ കാർഡ്, വോട്ടർ ഐഡി, ജനന സർട്ടിഫിക്കറ്റ്, പത്താം ക്ലാസിലെ സർട്ടിഫിക്കറ്റ് എന്നിവയൊക്കെ മേൽപറഞ്ഞതിനുള്ള രേഖകളായി സമർപ്പിക്കാവുന്നതാണ്. കൂടാതെ അപേക്ഷകൻ മൈനർ ആണെങ്കിൽ അത് തെളിയിക്കുന്ന രേഖയും സർക്കാർ ഉദ്യോഗസ്ഥൻ ആണെങ്കിൽ അത് തെളിയിക്കുന്ന രേഖയും സമർപ്പിക്കണം.

എത്ര രൂപ ചെലവാകും
18 വയസും അതിന് മുകളിലേക്കുമുള്ള മുതിർന്നവർക്ക് 36 പേജുള്ള പാസ്പോർട്ട് ബുക്ക് ലെറ്റിന് 1500 രൂപയാണ് ചെലവ്. തൽകാൽ ആയി അപേക്ഷിക്കുമ്പോൾ 3500 രൂപ. അതേസമയം, 60 പേജുള്ള ബുക്ക് ലെറ്റിനാണ് അപേക്ഷിക്കുന്നതെങ്കിൽ 2000 രൂപയും അത് തൽകാൽ ആയിട്ടാണ് അപേക്ഷിക്കുന്നതെങ്കിൽ 4000 രൂപയുമാണ് ചെലവ്. മൈനർ ആയിട്ടുള്ളവർക്ക് 36 പേജുള്ള ബുക്ക് ലെറ്റിന് സാധാരണഗതിയിൽ 1000 രൂപയും തൽകാൽ നിരക്കിൽ 3000 രൂപയുമാണ് ചെലവ് വരിക. സാധാരണ ഗതിയിൽ 25 മുതൽ 30 ദിവസം വരെയാണ് പാസ്പോർട്ട് ലഭിക്കാൻ എടുക്കുന്ന സമയം. റി-ഇഷ്യൂ ആണെങ്കിൽ മേൽവിലാസം മാറാത്ത സാഹചര്യത്തിൽ ഏഴ് ദിവസം വരെ സമയമെടുക്കും.

പൊലീസ് വേരിഫിക്കേഷൻ
പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തി അവിടെ നടപടി ക്രമങ്ങൾ പൂർത്തിയായാൽ അടുത്തത് പൊലീസ് വേരിഫിക്കേഷൻ ആണ്. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് പൊലീസ് നിങ്ങൾ നൽകിയ മേൽവിലാസത്തിൽ എത്തി അന്വേഷണം നടത്തും. ഈ സമയത്ത് വീട്ടിൽ ഉണ്ടായിരിക്കുമെന്ന് ഉറപ്പു വരുത്തുക.

അപേക്ഷ ട്രാക്ക് ചെയ്യുക
പാസ്പോർട്ട് സേവാ പോർട്ടലിൽ ട്രാക്ക് ആപ്ലിക്കേഷൻ സ്റ്റാറ്റസ് എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോൺ നമ്പറും ജനനത്തീയതിയും നൽകുക. പാസ്പോർട്ട് അയയ്ക്കുന്നതു വരെ ഇത് സ്ഥിരമായി പരിശോധിക്കുക. നടപടി ക്രമങ്ങൾ പൂർത്തിയായാൽ നിങ്ങളുടെ പാസ്പോർട്ട് നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചു തരും. അടിയന്തിര സാഹചര്യങ്ങളിൽ തൽകാൽ പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാണ്. മൈനർ ആയിട്ടുള്ള അപേക്ഷകർക്കും മുതിർന്ന പൗരൻമാർ ആയിട്ടുള്ള അപേക്ഷകർക്കും പ്രത്യേക സൗകര്യങ്ങൾ ലഭിക്കുന്നതാണ്. 18 വയസ് കഴിഞ്ഞവർക്ക് പത്തു വർഷവും 18 വയസ് പൂർത്തിയാകാത്തവർക്ക് അഞ്ചു വർഷവുമാണ് പാസ്പോർട്ടിന്റെ കാലാവധി. പാസ്പോർട്ട് ലഭിക്കാനായി നൽകിയ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച രേഖകളുടെ സ്കാൻ ചെയ്ത കോപ്പികൾ കൈവശം സൂക്ഷിക്കുക.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *