Posted By Editor Editor Posted On

വിമാനയാത്രയിൽ നിർബന്ധമായും ‘ക്രാഷ് പൊസിഷൻ’ അറിയണം; സുരക്ഷയ്ക്ക് ഈ അറിവുകൾ പ്രധാനം

അഹമ്മദാബാദിലെ ആകാശ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും ഇനിയും പ്രവാസ ലോകം മുക്തമായിട്ടില്ല. സുരക്ഷിതമായ വിമാന യാത്രയ്ക്കായി യാത്രക്കാർ ശ്രദ്ധിക്കേണ്ട ഒട്ടറെ കാര്യങ്ങളുണ്ട്. വിമാനത്തിനുള്ളിലും വിമാനത്താവളങ്ങളിലും കുട്ടികളുമായുള്ള യാത്രകളിലുമെല്ലാം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

ഓരോ യാത്രകളിലും യാത്രക്കാർക്ക് സുരക്ഷ സംബന്ധിച്ച് ജീവനക്കാർ വിവരങ്ങൾ വിശദമാക്കണമെന്നാണ് ഇന്റർനാഷനൽ സിവിലി‍ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ)യുടെ നിർദേശം. സുരക്ഷാ കാർഡിലെ വിവരങ്ങൾ, എമർജൻസി എക്സിറ്റ്, അടിയന്തര ഘട്ടങ്ങളിൽ എങ്ങനെ ഇരിക്കണം (ബ്രേസ് പൊസിഷൻ) എന്നിവയെക്കുറിച്ചെല്ലാമാണ് കാബിൻ ക്രൂ വിശദമാക്കുക.

യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങൾ
∙ നിർദേശങ്ങൾ ശ്രദ്ധയോടെ മനസ്സിലാക്കണം
വിമാനം പുറപ്പെടുന്നതിന് തൊട്ടു മുൻപായി യാത്രക്കാർ അറിഞ്ഞിരിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ കാബിൻ ക്രൂ ജീവനക്കാർ വിശദമാക്കുന്നത് ശ്രദ്ധയോടെ മനസ്സിലാക്കണം. സീറ്റ് പോക്കറ്റിൽ വച്ചിരിക്കുന്ന സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ കാർഡും വായിച്ച് മനസ്സിലാക്കണം. എല്ലായ്പ്പോഴും ജീവനക്കാരുടെ നിർദേശങ്ങൾ അനുസരിക്കണം.

∙ സീറ്റ് ബൽറ്റിന്റെ പ്രാധാന്യം
വിമാനത്തിനുള്ളിൽ കയറി കാബിൻ ലഗേജ് നിർദ്ദിഷ്ട സ്ഥാനത്ത് വച്ചാലുടൻ തന്നെ സീറ്റിൽ ഇരുന്ന് സീറ്റ് ബൽറ്റ് ധരിക്കണം. സീറ്റ് ബൽറ്റ് അടിവയറ്റിൽ അല്ല ധരിക്കേണ്ടത്. ഇടുപ്പിലായി താഴ്ത്തി ഇറുക്കി വേണം ധരിക്കണമെന്നാണ് വ്യോമയാന വിദഗ്ധർ പറയുന്നത്. ടേക്ക് ഓഫിലും ലാൻഡിങ്ങിലും മാത്രമല്ല യാത്രയിലുടനീളം സീറ്റ് ബൽറ്റ് ധരിക്കണം.

ആകാശ യാത്രയിലെ നിർണായക ഘട്ടങ്ങളിലും യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വിമാനത്തിന് കുലുക്കം ഉണ്ടാകുമ്പോഴും സുരക്ഷിതരായിരിക്കാൻ സീറ്റ് ബൽറ്റ് സഹായിക്കും. പരുക്കുകൾ പ്രതിരോധിക്കുക മാത്രമല്ല ശരീരത്തിന്റെ മുന്നോട്ടുള്ള ചലനം ഫലപ്രദമായി പരിമിതപ്പെടുത്താനും കഴിയും. സീറ്റ് ബൽറ്റ് ധരിക്കാത്തതിനാൽ പലപ്പോഴും യാത്രക്കിടെ വിമാനത്തിന് പെട്ടെന്നുണ്ടാകുന്ന ടർബുലൻസ് (കുലുക്കം) കാരണം യാത്രക്കാർക്ക് പരുക്കുകൾ സംഭവിക്കാറുണ്ട്.

∙ മൊബൈൽ ഫോൺ വേണ്ട, പുകവലിയും
വിമാനം ടേക്ക് ഓഫിന് തയാറെടുക്കാനായി വാതിൽ അടയ്ക്കുമ്പോൾ തന്നെ കയ്യിലുള്ള മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫാക്കുകയോ അല്ലെങ്കിൽ എയ്റോപ്ലെയിൻ മോഡിൽ ഇടുകയോ ചെയ്യണം. മൊബൈൽ ഓൺ ചെയ്യുന്നത് വിമാനത്താവളങ്ങളിലെ കൺട്രോൾ മുറികളുമായുള്ള പൈലറ്റുമാരുടെ ആശയവിനിമയത്തിന് തടസ്സം സൃഷ്ടിക്കും.

റേഡിയോ സിഗ്നലുകളും മറ്റും മുഖേനയാണ് പൈലറ്റ് കൺട്രോൾ റൂമുമായി സംസാരിക്കുന്നത്. യാത്രക്കാർ മൊബൈൽ ഉപയോഗിച്ചാൽ ഗ്രൗണ്ടും പൈലറ്റും തമ്മിലുള്ള സിഗ്നലുകളിൽ തടസ്സം സൃഷ്ടിക്കുമെന്നതിനാൽ ഫോൺ ഉപയോഗം ഒഴിവാക്കാം. വിമാനത്തിനുള്ളിലിരുന്ന് പുകവലിയും വേണ്ട. ഇത്തരം പെരുമാറ്റം വലിയ സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കും.

∙ എന്താണ് ബ്രേസ് (ക്രാഷ്) പൊസിഷൻ?
ബ്രേസ് പൊസിഷൻ എങ്ങനെയാണെന്ന് കാബിൻ ക്രൂ ജീവനക്കാർ വിശദമാക്കുന്നത് കൃത്യമായി മനസ്സിലാക്കണം. കരയിലോ വെള്ളത്തിലോ വിമാനത്തിന് അടിയന്തര ലാൻഡിങ് വേണ്ടി വരുന്ന സാഹചര്യങ്ങളിലാണ് ബ്രേസ് പൊസിഷൻ സ്വീകരിക്കുക. അപകടമുണ്ടാകുമെന്ന് അറിയുമ്പോൾ സുരക്ഷക്കായി തയാറെടുക്കുന്നതിനുള്ള നിർദേശമാണിത്.

ബ്രേസ് പൊസിഷനിൽ കാലുകൾ രണ്ടും അടുപ്പിച്ച് തറയിലേക്ക് നീട്ടി ഉറപ്പിച്ച് വയ്ക്കണം. മുന്നോട്ട് കുനിഞ്ഞ് മുൻപിലുള്ള സീറ്റിലേക്ക് തല താഴ്ത്തി വച്ച് വേണം ഇരിക്കാൻ. ഏറ്റവും മുൻവശത്തെ സീറ്റിലാണ് ഇരിക്കുന്നതെങ്കിൽ മുൻപിൽ സീറ്റുകൾ ഇല്ലാത്തതിനാൽ കാൽമുട്ടുകളിൽ കൈകൾ അമർത്തിവച്ചോ അല്ലെങ്കിൽ കൈകൾ തലയ്ക്ക് പിന്നിലായി വച്ച് തല താഴ്ത്തി ഇരിക്കണം.

∙ എമർജൻസി എക്സിറ്റ് ഏതെന്ന് അറിയണം
ടേക്ക് ഓഫിന് മുൻപ് തന്നെ സീറ്റിനടുത്തുള്ള എമർജൻസി എക്സിറ്റ് ഏതാണെന്ന് മനസ്സിലാക്കണം. അടിയന്തര ലാൻഡിങ് ആവശ്യമായി വരുമ്പോൾ കാബിൻ ക്രൂവിന്റെ നിർദേശപ്രകാരം മാത്രം എക്സിറ്റ് ഉപയോഗിക്കുക. വിമാനത്തിന് പുറത്തെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടു വേണം വാതിൽ തുറക്കാൻ.

അടിയന്തര സാഹചര്യങ്ങളിൽ കൈവശമുള്ള ലഗേജുകളുടെ പിറകെ പോകാതെ വേഗം പുറത്തിറങ്ങാൻ നോക്കണം. ലഗേജുകളുടെ പിറകെ പോകുന്നത് രക്ഷപ്പെടൽ ൈവകിക്കും. ടെൻഷനാകാതെ എക്സിറ്റിന് നേർക്ക്് വേണം നടക്കാൻ. സമുദ്രത്തിലോ മറ്റോ ആണ് ലാൻഡിങ് എങ്കിൽ ജീവനക്കാരുടെ നിർദേശമനുസരിച്ച് ലൈഫ് ജാക്കറ്റ് ധരിക്കണം.

കാബിനിൽ സമ്മർദ്ദം കുറഞ്ഞാൽ ജീവനക്കാർ ഓക്സിജൻ മാസ്ക് ധരിക്കാൻ നിർദേശിക്കും. മാസ്ക് ധരിക്കേണ്ട സാഹചര്യമുണ്ടായാൽ ധരിച്ച ശേഷം സാധാരണ പോലെ തന്നെ ശ്വസിക്കുക. കാബിൻ ജീവനക്കാരുടെ നിർദേശപ്രകാരം മാത്രമേ മാസ്ക് എടുക്കാവൂ.

∙ ഓടിനടക്കേണ്ട, ബാഗും കയ്യിൽ വേണ്ട
വിമാനത്തിനുള്ളിൽ വെറുതെ നടക്കാതിരിക്കുക. വാഷ്റൂമിൽ പോയി വേഗം തിരിച്ചെത്തി സീറ്റ് ബൽറ്റ് ധരിക്കണം. വാഷ്റൂമിൽ നിൽക്കുമ്പോഴാണ് വിമാനത്തിന് കുലുക്കം സംഭവിക്കുന്നതെങ്കിൽ ഭയപ്പെടാതെ സുരക്ഷിതമായി ഭിത്തിയിൽ പിടിച്ച് നിൽക്കണം.

കയ്യിലുള്ള എല്ലാ സാധനങ്ങളും ലാപ്ടോപ്, ബാഗുകൾ എന്നിവയെല്ലാം ലഗേജ് വയ്ക്കുന്ന കാബിനുള്ളിൽ തന്നെ വയ്ക്കണമെന്ന ജീവനക്കാരുടെ നിർദേശം പാലിക്കണം. ഇവ കൈവശം വച്ചാൽ വിമാനത്തിന് കുലുക്കം ഉണ്ടാകുമ്പോൾ കൂടുതൽ അപകടം ചെയ്യും. നിരോധിത സാധനങ്ങൾ കൈവശമില്ലെന്ന് ഉറപ്പാക്കുകയും വേണം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *