Posted By Editor Editor Posted On

19 വർഷത്തിന് ശേഷം കുടുംബങ്ങളുടെ പുനഃസമാഗമം; പാക്ക് പൗരന്മാർക്ക് പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്

പാക്കിസ്ഥാൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്. നീണ്ട 19 വർഷത്തിന് ശേഷം വിലക്ക് പിൻവലിച്ചതിലൂടെ വഴിയൊരുങ്ങിയത് കുടുംബങ്ങളുടെ പുനഃസമാഗമത്തിന്. പാക്ക് പൗരന്മാരെ കാത്തിരിക്കുന്നത് കുവൈത്തിന്റെ വിവിധ മേഖലകളിലെ വലിയ തൊഴിലവസരങ്ങളും. പുതിയ നടപടി ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക, തൊഴിൽ സഹകരണത്തിന്റെ പുതിയ വാതിലും തുറക്കും.ഗൾഫ് രാജ്യത്ത് പുതിയ ഭാവി കെട്ടിപ്പടുക്കാൻ പാക്ക് പൗരന്മാർക്ക് കഴിയുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകാനുമാണ് വിലക്ക് പിൻവലിക്കൽ വഴിതെളിക്കുന്നത്. നീണ്ട വർഷങ്ങൾക്ക് ശേഷം പാക്കിസ്ഥാനിലും കുവൈത്തിലുമായി കഴിയുന്ന കുടുംബങ്ങളുടെ കൂടിച്ചേരലിനും ഇടയാക്കും. കുവൈത്തിലെ പാക്കിസ്ഥാനി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ തൊഴിൽ ധാരണാ പത്രത്തിനുള്ള നടപടികളും പുരോഗതിയിലാണ്. വിദഗ്ധ തൊഴിലാളികളുടെ നിലവിലെ ക്ഷാമം പരിഹരിക്കാൻ കുവൈത്തിനും കഴിയും. പാക്കിസ്ഥാനിലെ മെച്ചപ്പെട്ട സുരക്ഷാ സാഹചര്യങ്ങളിലും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള താൽപര്യം വളർത്തുന്നതിലുമുള്ള കുവൈത്തിന്റെ ആത്മവിശ്വാസമാണ് 19 വർഷത്തെ പ്രവേശന വിലക്ക് പിൻവലിച്ചതിന് പിന്നിൽ പ്രതിഫലിക്കുന്നത്. കുവൈത്തിലേക്കുള്ള തൊഴിൽ, കുടുംബ, സന്ദർശക, ബിസിനസ് വീസകളുടെ ലഭ്യത പാക്കിസ്ഥാനിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് വലിയ തോതിൽ കരിയർ വളർച്ചയ്ക്കും സഹായകമാകും. പാക്കിസ്ഥാനിലെ ആയിരക്കണക്കിന് വിദഗ്ധ തൊഴിലാളികൾക്ക് പ്രത്യേകിച്ചും ആരോഗ്യം, എണ്ണ ഉൾപ്പെടെയുള്ള മേഖലകളിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും. പാക്കിസ്ഥാനിലെ ബിസിനസുകാർ, സംരംഭകർ, നിക്ഷേപകർ എന്നിവർക്കും കുവൈത്തിന്റെ വിപണിയിൽ പുതിയ അവസരങ്ങളാണ് തുറക്കുന്നത്. രാജ്യത്തിന്റെ തൊഴിൽ മേഖലയിൽ യോഗ്യരായ ജീവനക്കാരുടെ ആവശ്യകത ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ നിലവിൽ 1,200 നഴ്സുമാരെ ഉൾപ്പെടെ പാക്കിസ്ഥാനിൽ നിന്നുള്ള പ്രഫഷനലുകളെ സജീവമായി റിക്രൂട്ട് ചെയ്യാൻ പ്രവേശന വിലക്ക് പിൻവലിച്ചത് ഗുണകരമായിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *