അധിക ഫീസുകൾക്ക് പൂട്ട്; കുവൈത്തിൽ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ നിയന്ത്രണങ്ങൾ

ഓൺലൈൻ ഡെലിവറി രംഗത്ത് കർശന നിയന്ത്രണങ്ങളുമായി കുവൈത്ത്. സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ചട്ടങ്ങൾ പ്രകാരം മൂന്നാംകക്ഷി ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് ഡെലിവറി ഫീസിലും വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന കമ്മിഷനിലും നിയന്ത്രണം ഏർപ്പെടുത്തി. 

പുതിയ നിയമപ്രകാരം ഓൺലൈൻ ഓർഡറുകൾക്കുള്ള ഡെലിവറി ഫീസ് പരമാവധി ഒരു കുവൈത്ത് ദിനാർമാത്രമായിരിക്കും. പ്ലാറ്റ്‌ഫോമുകൾ വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന കമ്മിഷനും നിശ്ചിത പരിധിക്കുള്ളിൽ മാത്രമാക്കും. ഡെലിവറി ഉൾപ്പെടെയുള്ള സേവനങ്ങൾ പ്ലാറ്റ്‌ഫോം തന്നെ നൽകുന്ന സാഹചര്യത്തിൽ കമ്മിഷൻ 17 ശതമാനം വരെ ഈടാക്കാം. വ്യാപാരി സ്വന്തം ജീവനക്കാരെയോ വാഹനങ്ങളെയോ ഉപയോഗിച്ച് ഡെലിവറി നടത്തുകയാണെങ്കിൽ പ്ലാറ്റ്‌ഫോമിന് ഈടാക്കാവുന്ന കമ്മിഷൻ 10 ശതമാനം വരെ മാത്രമായിരിക്കും. 

ഇതിന് പുറമെ ഓപ്പറേഷൻ ഫീസ്, പ്രോസസിങ് ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചാർജ് തുടങ്ങിയ പേരുകളിൽ ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കുന്നതും നിരോധിച്ചിട്ടുണ്ട്. പരസ്യം, പ്രമോഷൻ, പ്രീമിയം പ്ലേസ്മെന്റ് തുടങ്ങിയ വിവിധ സേവനങ്ങളുടെ പേരിലുള്ള ചാർജുകളും നിശ്ചിത പരിധിക്ക് വിധേയമായിരിക്കും. 

വ്യാപാരികളെ നിർബന്ധിച്ച് പ്ലാറ്റ്‌ഫോമിന്റെ തന്നെ ഡെലിവറി സേവനം ഉപയോഗിപ്പിക്കാനും പുതിയ ചട്ടങ്ങൾ അനുവദിക്കില്ല. സ്വന്തം ഡെലിവറി സംവിധാനം തിരഞ്ഞെടുക്കുന്ന വ്യാപാരികൾക്കെതിരെ അധിക ഫീസോ മറ്റ് നടപടികളോ ഏർപ്പെടുത്താനും പാടില്ല.

റസ്റ്ററന്റുകളെയും ഭക്ഷണ വിതരണത്തെയും മാത്രം കേന്ദ്രീകരിച്ചിരുന്ന മുൻ നിയന്ത്രണങ്ങളിൽ നിന്ന് വ്യത്യസ്തമായി, പുതിയ ചട്ടങ്ങൾ വിവിധ ഉൽപന്നങ്ങൾ ഓൺലൈനായി ഓർഡർ ചെയ്ത് വിതരണം ചെയ്യുന്ന മൂന്നാംകക്ഷി ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്കും ആപ്പുകൾക്കും ബാധകമാണ്. എന്നാൽ സ്വന്തം വെബ്‌സൈറ്റിലൂടെയോ ആപ്പിലൂടെയോ ഉൽപന്നങ്ങൾ വിൽക്കുകയും സ്വന്തം സംവിധാനത്തിലൂടെ വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങൾ ഈ ചട്ടങ്ങളുടെ പരിധിയിൽ വരില്ല.  പുതിയ നിയന്ത്രണങ്ങൾ ഉപഭോക്താക്കൾക്ക് അധിക ചാർജുകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും വ്യാപാരികൾക്കും ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്കുമിടയിൽ കൂടുതൽ സുതാര്യമായ പ്രവർത്തനരീതി ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version