
പ്രവാസി മലയാളികൾക്ക് ലക്ഷങ്ങളുടെ ഇൻഷുറൻസ്; ഏവരും അറിഞ്ഞിരിക്കേണ്ട ആനുകൂല്യം; വിശദമായി അറിയാം
പ്രവാസി മലയാളികൾക്ക് ലക്ഷങ്ങളുടെ ഇൻഷുറൻസ് നൽകാനൊരുങ്ങി നോർക്കാ റൂട്ട്സ്. ഇന്ത്യയിൽ താമസിക്കുന്ന പ്രവാസികളും ഇൻഷുറൻസ് പോളിസിക്ക് അർഹരാണ്. പ്രവാസി മലയാളികൾക്ക് പരമാവധി 3 ലക്ഷം രൂപ വരെ കവറേജ് ലഭിക്കുന്ന പോളിസിയാണ് ലഭിക്കുന്നത്. ഏപ്രിൽ 1 മുതലാണ് പോളിസി ക്ലെയിം തുക രണ്ടിൽ നിന്ന് മൂന്ന് ലക്ഷമാക്കി ഉയർത്തിയത്. നോർക്കയുടെ പ്രവാസി ഐഡി കാർഡ് ഉടമകൾക്കായി നോർക്ക പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി (എൻപിആർഐ) ആണുള്ളത്. പ്രവാസി മലയാളികൾക്ക് ഗുരുതരമായ രോഗങ്ങൾ പിടിപെട്ടാൽ മികച്ച വൈദ്യപരിചരണം സാധ്യമാക്കാൻ ലക്ഷ്യമിട്ടാണ് പോളിസി നടപ്പാക്കിയത്.
ഇൻഷുറൻസ് കവറേജ് എങ്ങനെ?
ഗുരുതരമായ രോഗങ്ങൾക്ക് ഒരു ലക്ഷം. ഇതിന് അംഗീകൃത ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഗുരുതര രോഗപരിചരണത്തിന് പുറമെ അപകടമരണം സംഭവിച്ചാൽ 3 ലക്ഷം രൂപയും സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യം സംഭവിച്ചാൽ 1 ലക്ഷം രൂപയും ലഭിക്കും.
യോഗ്യത, പ്രായപരിധി, ഇൻഷുറൻസ് കാലാവധി
ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന അല്ലെങ്കിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികൾ ആയിരിക്കണം. കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ള വീസ (ഇഖാമ) ഉണ്ടായിരിക്കണം. പ്രായം 18 നും 60 നും ഇടയിലായിരിക്കണം. ഇൻഷുറൻസിന്റെ കാലാവധി ഒരു വർഷമാണ്. കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപ് പുതുക്കണം. പുതിയ തീരുമാനപ്രകാരം ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ താമസിക്കുന്ന പ്രവാസികൾക്കും ഇൻഷുറൻസ് പോളിസിക്ക് യോഗ്യരാണ്.
ആവശ്യമായ രേഖകൾ ? ഫീസ്?
പാസ്പോർട്ടിന്റെ ഒന്നാമത്തെയും അവസാനത്തേയും പേജ്, റസിഡൻസി വിസ (ഇഖാമ/വർക്ക് പെർമിറ്റ്) എന്നിവയുടെ പകർപ്പും അപേക്ഷകന്റെ ഫോട്ടോയും ഒപ്പും വേണം. പ്രവാസി സ്റ്റുഡന്റ് ഐഡി കാർഡ് ഉടമകളാണെങ്കിൽ പഠിക്കുന്ന കോളജ്, യൂണിവേഴ്സിറ്റി സംബന്ധിച്ച വിവരങ്ങളും നൽകണം. ഒരു വർഷത്തേക്ക് 661 (ജിഎസ്ടി ഉൾപ്പെടെ) രൂപയാണ് ഇൻഷുറൻസ് പ്രീമിയം തുക. നോർക്കയുടെ വെബ്സൈറ്റിലൂടെ ഓൺലൈനായി തന്നെ പുതുക്കാം. ഇൻഷുറൻസ് പുതുക്കുന്നതിനും ഇതേ രേഖകൾ തന്നെ നൽകണം. ഓൺലൈനിൽ അപേക്ഷിക്കുമ്പോൾ എല്ലാ രേഖകളുടെയും JPEG ഫോർമാറ്റ് ആണ് വേണ്ടത്.
∙ഇൻഷുറൻസ് ക്ലെയിം എങ്ങനെ നേടാം?
നോർക്ക റൂട്ട്സിന്റെ ഓഫിസുകളിൽ നേരിട്ടോ അല്ലെങ്കിൽ ഓൺലൈൻ മുഖേനയോ അപേക്ഷിക്കാം. ഇൻഷുറൻസ് കമ്പനി നോർക്ക റൂട്ട്സിനാണ് ക്ലെയിം നൽകുന്നത്. നോർക്ക അധികൃതർ അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നൽകുന്നത്. അപകടമരണം സംഭവിച്ചാൽ മരണ സർട്ടിഫിക്കറ്റ്, എഫ്ഐആർ, വിദേശത്താണ് മരണം സംഭവിച്ചതെങ്കിൽ എംബാം സർട്ടിഫിക്കറ്റ്, എംബസിയിൽ നിന്നുള്ള മരണ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പൊലീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, അപേക്ഷകനുമായുള്ള ബന്ധം തെളിയിക്കുന്ന ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റ് (അനന്തരാവകാശ സർട്ടിഫിക്കറ്റ് ) എന്നിവ സഹിതം വേണം അപേക്ഷ നൽകാൻ. കൂടുതൽ വിവരങ്ങൾക്ക് : https://norkaroots.org/ml/home , ഫോൺ: 9567555821, 0471-2770543
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)