Posted By Editor Editor Posted On

പ്രവാസികളുടെ മക്കൾക്ക് 20 ശതമാനം സ്കോളർഷിപ്പുകൾ: പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു

പഠനമികവുളള കേരളീയരായ വിദ്യാർഥികൾക്കായുളള രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ് പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ബി. രവി പിളളയും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അജിത് കോളശ്ശേരിയും തമ്മിൽ ധാരണാപത്രം കൈമാറി.

ഹയർസെക്കൻഡറി തലത്തിൽ 1100 വിദ്യാർഥികൾക്ക് 50,000 രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിൽ (ഒന്നേകാൽ ലക്ഷം രൂപ വീതം) 200 വിദ്യാർഥികൾക്കും ഉൾപ്പെടെ 1500 പേർക്കാണ് ഓരോ വർഷവും സ്കോളർഷിപ് ലഭിക്കുക.

ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളർഷിപ്പുകൾ പ്രവാസി കേരളീയരുടെ മക്കൾക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കും നീക്കിവച്ചിട്ടുണ്ട്. മികച്ച പഠനമികവുളളവരും കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ളവർക്കുമാകും സ്കോളർഷിപ്പിന് അർഹത. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയാണ് രവി പിളള ഫൗണ്ടേഷൻ രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ് പദ്ധതി നടപ്പിലാക്കുന്നത്.സ്കോളർഷിപ്പിനായുളള അപേക്ഷ സ്വീകരിക്കുന്നത് ഇൻഫർമേഷൻ കേരള മിഷന്റെ സഹകരണത്തോടെ തയാറാക്കുന്ന സ്‌കോളർഷിപ് പോർട്ടൽ വഴി ജൂലൈയിൽ ആരംഭിക്കും. 2025 സെപ്റ്റംബറിൽ സ്കോളർഷിപ് തുക കൈമാറും. ബഹ്‌റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതിയായ മെഡൽ ഓഫ് എഫിഷ്യൻസി (ഫസ്റ്റ് ക്ലാസ്) നേടിയതിന് കേരളം നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു (രവിപ്രഭ) 2025 മുതൽ 50 വർഷത്തേയ്ക്ക് സ്‌കോളർഷിപ് നൽകുന്നതിനായി 525 കോടി രൂപ നീക്കിവച്ചതായി ഡോ. ബി. രവി പിള്ള അറിയിച്ചത്. പ്രതിവർഷം 10.5 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *