Posted By Editor Editor Posted On

ടേക്ക് ഓഫിന് പിന്നാലെ സംശയകരമായ മണം, കോക്പിറ്റിൽ തീ;ആകാശത്ത് വിമാനത്തിന് യു ടേൺ, അടിയന്തരമായി ഇറക്കി

വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ കോക്പിറ്റിൽ തീ പടർന്നു. തീ കണ്ടതിനെ തുടർന്ന് ടേക്ക് ഓഫിന് പിന്നാലെ തന്നെ വിമാനം അടിയന്തര ലാൻഡിങ്ങിനായി തിരിച്ചുവിട്ടു. ഫെബ്രുവരി മൂന്നിനാണ് സംഭവം ഉണ്ടായത്. കാനഡയിലെ ടൊറൻറോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന എൻഡവർ എയർ ഫ്ലൈറ്റ് 4826 ആണ് അടിയന്തര ലാൻഡിങ് നടത്തിയത്. രാവിലെ 6:52നാണ് സംഭവം. എന്തോ കത്തുന്ന മണം പരന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാപ്റ്റൻറെ സൈഡിലെ വിൻഡ്ഷീൽഡ് ഇലക്ട്രിക്കൽ ഹീറ്റർ കൺട്രോൾ യൂണിറ്റിൽ നിന്ന് തീ ഉയരുന്നതായി കണ്ടെത്തി.

കോക്പിറ്റിൽ തീ കണ്ടെന്ന് അറിയിച്ച് ക്യാപ്റ്റൻ അടിയന്തര ലാൻഡിങിന് അനുമതി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബൊമ്പാർഡിയർ സിആർജെ- 900 വിമാനം അടിയന്തര ലാൻഡിങ് നടത്താൻ അനുമതി നൽകി. വിൻഡ് ഷീൽഡ് ഹീറ്റ് വിമാന ജീവനക്കാർ ഓഫ് ചെയ്തപ്പോൾ തീയണഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. വിമാനത്തിൻറെ വിൻഡ്ഷീൽഡും വിൻഡ്ഷീൽഡ് ഹീറ്റിങ് യൂണിറ്റും ടെക്നീഷ്യൻമാരെത്തി മാറ്റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *