Posted By Editor Editor Posted On

കുവൈറ്റ് അമീർ നവാഫ് അഹമദ് അൽ സബാഹ് അന്തരിച്ചു

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് നിര്യാതനായി. 86 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് അടുത്തിടെ ചികിത്സയിലായിരുന്നു. അമീരി ദീവാനി കാര്യമാലയമാണ് മരണവിവരം ഔദ്യോഗിക ടെലവിഷൻ വഴി പുറത്തുവിട്ടത്. നവംബർ 29 നാണ് അസുഖം കലശ്ശലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശ്ശിപ്പിച്ചത്. ആധാര സൂചകമായി രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണവും, സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. 2006 ഫെബ്രുവരി 7 മുതൽ കുവൈത്ത് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫ്, സഹോദരനും കുവൈത്തിന്റ പതിഞ്ചാമത്തെ അമീറുമായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് 2020 സെപ്റ്റംബർ 29 നാണ് കുവൈത്തിന്റെ പതിനാറാമത്തെ ഭരണാധികാരിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

കുവൈത്തിന്റെ പത്താമത്തെ ഭരണാധികാരി ആയിരുന്ന ഷെയ്ഖ് അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും യാമാമയുടെയും മകനായി 1937 ജൂൺ 20നു കുവൈത്ത് സിറ്റിയിലെ ഷർഖ് ൽ ആണ് ഷെയ്ഖ് നവാഫ് അൽ അഹമദ് സബാഹിന്റെ ജനനം.1962 ൽ ഇരുപത്തഞ്ചാം വയസ്സിൽ ഹവല്ലി ഗവർണർ ആയി നിയമിക്കപ്പെട്ടു കൊണ്ടാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. . 1978 മാർച്ച് 19 വരെ ആ പദവിയിൽ തുടർന്ന അദ്ദേഹം 1978 മുതൽ 1988 വരെ കുവൈത്തിന്റെ ആഭ്യന്തര മന്ത്രിയായും തുടർന്ന് കുവൈത്തിന്റെ പ്രധിരോധ മന്ത്രിയായും രാജ്യത്തിന് സേവനം അനുഷ്ഠിച്ചു . ഇറാഖ് അധിനിവേശത്തിൽ നിന്ന് രാജ്യം മോചനം നേടിയതിനു ശേഷം നിലവിൽ വന്ന സർക്കാരിൽ തൊഴിൽ സാമൂഹിക കാര്യങ്ങളുടെ ഉപ മന്ത്രി പദവിയും അദ്ദേഹം വഹിച്ചു . 1992 ഒക്ടോബർ 17 വരെ ആ പദവിയിൽ തുടരുകയുണ്ടായി . അധിനിവേശ കാലത്ത് കുവൈത്തിന്റെ സൈനിക സജ്ജീകരണത്തിൽ വന്ന പോരായ്മ ചൂണ്ടിക്കാട്ടി ഷെയ്ഖ് നവാഫിനെ കാബിനറ്റിൽ നിന്ന് മാറ്റിനിർത്തുകയുണ്ടായി . പിന്നീട് 1994 ഒക്ടോബറിലാണ് കുവൈത്ത് നാഷണൽഗാർഡിന്റെ ഉപ മേധാവിയായി ഷെയ്ഖ് നവാഫ് വീണ്ടും ഔദ്യോഗിക പദവിയിലെത്തുന്നത് . 2003 വരെ ആ പദവിയിൽ തുടർന്ന അദ്ദേഹം അതെ വർഷം തന്നെ ഒക്ടോബറിൽ കുവൈത്തിന്റെ ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തിര മന്ത്രിയുമായി നിയമിക്കപ്പെട്ടു. 2006 ജനുവരി 29 നു ഷെയ്ഖ് സബാഹ്‌ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത് അമീർ ആയതോടെ അതെ വര്ഷം ഫെബ്രുവരി ഏഴിനാണ് ഷെയ്ഖ് നവാഫ് രാജ്യത്തിന്റെ കിരീടാവകാശിയായി നിയമിതനാകുന്നത് . 2020 സെപ്റ്റംബർ 29 നു ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തെ തുടർന്നാണ് പ്രത്യേക മന്ത്രി സഭയോഗം ചേർന്ന് ഷെയ്ഖ് നവാഫിനെ രാജ്യത്തിന്റെ പതിനാറാമത്തെ അമീറായി പ്രഖ്യാപിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അമീറിന്റെ ചില പ്രത്യേക അധികാരങ്ങൾ നിർവഹിക്കുന്നതിന് ഉപ അമീറും സഹോദരനുമായ ഷെയ്ഖ് മിഷ് അൽ അൽ സബാഹിനെ 2021 നവംബർ 15 നു പ്രത്യേക ഉത്തരവിലൂടെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു. ശരീഫ സുലൈമാൻ അൽ ജാസ്സിം ആണ് ഭാര്യ. കുവൈത്ത് പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അൽ നവാഫ് സബാഹ് മൂത്ത മകൻ ആണ്.ഷെയ്ഖ് ഫൈസൽ അൽ നവാഫ്, ( ദേശീയ സേന മേധാവി ) ഷെയ്ഖ് അബ്ദുള്ള അൽ നവാഫ്, ഷെയ്ഖ് സാലിം അൽ നവാഫ് ( ദേശീയ സുരക്ഷാ മേധാവി ), ഷെയ്ഖ ഷെയ്ഖ എന്നിവരാണ് മറ്റു മക്കൾ.ഖബറടക്കം പിന്നീട് പ്രഖ്യാപിക്കും.

.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *