പ്രശസ്ത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെർയൂജിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ. സ്വന്തം വീട്ടിൽ വച്ച് അജ്ഞാതസംഘം ദാരിഷിനേയും ഭാര്യയേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ദാരിയുഷും ഭാര്യ വഹിദേ മൊഹമ്മദിഫറിനേയും അക്രമികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് ജുഡീഷ്യൽ ഉദ്യോഗസ്ഥനായ ഹൊസൈൻ ഫസേലിയെ ഉദ്ധരിച്ചുകൊണ്ട് ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ദി കൗ, ദി പിയർ ട്രീ മുതലായ ചിത്രങ്ങളിലൂടെ ഖ്യാതി നേടിയ സംവിധായകനാണ് ദാരിയുഷ് മെർയൂജി. ടെഹ്‌റാന് അടുത്തുള്ള ഫ്‌ളാറ്റിൽ ദമ്പതികൾ മരിച്ചുകിടക്കുന്നതായി ഇവരുടെ പുത്രി മോന മെർയൂജിയാണ് ആദ്യം കണ്ടത്. ഇവർ ഉടനടി തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച കുടുംബത്തെ സന്ദർശിക്കാനെത്തിയതായിരുന്നു മോന.നിയോ റിയലിസ്റ്റ് ചലച്ചിത്രങ്ങളിലൂടെ 1970കളുടെ തുടക്കത്തിൽ ഇറാനിയൻ ചലച്ചിത്രരംഗത്ത് നവതരംഗം സൃഷ്ടിച്ച ചലച്ചിത്രകാരനാണ് 83 വയസുകാരനായ മെർയൂജി. 1971 ലെ വെനിസ് ചലച്ചിത്രോത്സവത്തിൽ അദ്ദേഹത്തിന്റെ കൗ എന്ന ചിത്രം ഫിപ്രെസി അന്താരാഷ്ട്ര ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടി. അദ്ദേഹത്തിന്റെ ടു സ്റ്റേ അലൈവ് ചിക്കാഗോ ചലച്ചിത്രോത്സവത്തിൽ സിൽവർ ഹ്യൂഗോയും ദി പിയർ ട്രീ എന്ന ചലച്ചിത്രം സെബാസ്റ്റ്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ സിഷെലും നേടി. ചലച്ചിത്രങ്ങളുടെ സെൻസർഷിപ്പിനെതിരെ തന്റെ ജീവിതകാലത്തുടനീളം പ്രതിഷേധിച്ചിരുന്ന അദ്ദേഹം ടെഹ്‌റാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ നിത്യവിമർശകരിൽ ഒരാളുമായിരുന്നു. തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന സൂചന കഴിഞ്ഞ ദിവസം ദാരിയുഷിന്റെ ഭാര്യ സോഷ്യൽ മീഡിയയിലൂടെ നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL