Posted By Editor Editor Posted On

ഗൂഗിൾ മാപ്പ് നോക്കി യാത്ര; എറണാകുളത്ത് കാർ പുഴയിൽ വീണ് രണ്ട് ഡോക്ടർമാർ മരിച്ചു, മൂന്നുപേരെ രക്ഷപ്പെടുത്തി

കൊച്ചി: ഗൂഗിൾ മാപ്പുനോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാർ നിറഞ്ഞൊഴുകുകയായിരുന്ന പുഴയിലേക്ക് വീണ് രണ്ട് യുവ ഡോക്ടർമാർ മരിച്ചു. മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയും നേഴ്സുമടക്കമുള്ള മൂന്നുപേരെയാണ് രക്ഷപ്പെടുത്തിയത്. ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. രാത്രി പന്ത്രണ്ടരയോടെ എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിലാണ് അപകടം ഉണ്ടായത്. കൊച്ചിയിൽ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം എന്നാണ് അറിയുന്നത്.

വഴി പരിചയമില്ലാതിരുന്നതിനാൽ ഗൂഗിൾ മാപ്പുനോക്കിയാണ് സംഘം സഞ്ചരിച്ചിരുന്നത്. കാറിന് സാമാന്യം വേഗവുമുണ്ടായിരുന്നു. അപകടവിവരമറിഞ്ഞ് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും കാർ പുഴയിൽ മുങ്ങിയിരുന്നു. ഈ സമയം ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് ഉടൻതന്നെ നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല.

ഗൂഗിൾ മാപ്പുനാേക്കി സഞ്ചരിക്കുന്നതിനിടെ അടുത്തിടെയായി നിരവധി പേരാണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞദിവസം ഗൂഗിൾ മാപ്പുനാേക്കി കാറിൽ സഞ്ചരിച്ച ആന്ധ്രാസ്വദേശികളായ അഞ്ചുപേർ ദിശതെറ്റി തോട്ടിൽ വീണിരുന്നു. രാത്രി എട്ടുമണിയോടെ കുട്ടനാട് പുളിങ്കുന്ന് വലിയ പള്ളിക്ക് സമീപത്തായിരുന്നു അപകടം. മങ്കൊമ്പ് വികാസ് മാർഗ് റോഡിൽ നിന്ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്കു പോയതാണു സംഘം. പള്ളിയിലേക്കു പോകേണ്ട റോഡിനു മറുകരയുള്ള റോഡിലൂടെയാണു ഇവർ സഞ്ചരിച്ചത്. ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച സംഘം വളവു തിരിക്കാൻ ശ്രമിക്കുന്നതിനിടെ പള്ളിത്തോട്ടിലേക്കു വീഴുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് അഞ്ചുപേരെയും രക്ഷപ്പെടുത്തിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *